ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാരോഹണ ചടങ്ങുകള്‍ പിന്നീട് നടക്കും.

നേരത്തേ, മാര്‍ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവയായി സുന്നഹദോസ് നിര്‍ദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷന്‍ ഇന്ന് ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു.

പരുമല പള്ളിയിലെ പ്രാര്‍ഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്ര നടത്തി. പിന്നീട് പ്രത്യേകം തയാറാക്കിയ അസോസിയേഷന്‍ നഗരിയില്‍ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അസോസിയേഷന്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്.

തീരുമാനം അസോസിയേഷന്‍ അംഗങ്ങള്‍ പാസാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നല്‍കി. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കല്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. അഭിഷേക ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരുന്നുണ്ട്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.