വാഷിംഗ്ടണ്‍: മനുഷ്യാവകാശം, കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ സുവ്യക്ത നിലപാടുകളറിയാന്‍ യു.എസ് പ്രസിഡന്റ് ബൈഡന്‍ ഒക്ടോബര്‍ 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തും.വ്യാപകമായി പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ച വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഥമ വനിത ജില്‍ ബൈഡനും പ്രസിഡന്റിനൊപ്പമുണ്ടാകും.
ഗര്‍ഭച്ഛിദ്ര അവകാശങ്ങളെ പിന്തുണയ്ക്കുന്ന ബൈഡനോടു സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലി യു.എസ് ബിഷപ്പുമാര്‍ക്കിടയില്‍ ആശയ വിനിമയം നടക്കുന്നതിനിടയിലാണ് അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റുമായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൂടിക്കാഴ്ച തീരുമാനിച്ച വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പുറത്തു വിട്ടത്. റോമില്‍ നടക്കുന്ന ജി -20 ഉച്ചകോടിയിലും ഗ്ലാസ്‌ഗോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് ബൈഡന്റെ യാത്ര.
കോവിഡ് -19 മഹാമാരി അന്തിമമായി അവസാനിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം, പാവപ്പെട്ടവരെ പരിപാലിക്കുക എന്നിവയെക്കുറിച്ച് പ്രസിഡന്റും മാര്‍പ്പാപ്പയും ചര്‍ച്ച ചെയ്യുമെന്ന് ജെന്‍ സാകി അറിയച്ചു. കഴിഞ്ഞ വര്‍ഷം ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 2013 -ല്‍ മാര്‍പാപ്പ സ്ഥാനമേറ്റ ശേഷമുള്ള കുര്‍ബാനയില്‍ വൈസ് പ്രസിഡന്റ് ആയിരിക്കെ ബൈഡന്‍ പങ്കെടുത്തപ്പോഴാണ് അവര്‍ ആദ്യം കണ്ടുമുട്ടിയത്. മാര്‍പാപ്പയുടെ 2015 -ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലും 2016 -ലെ വത്തിക്കാനില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സിലും ബൈഡന്‍ സന്നിഹിതനായിരുന്നു.
ഈ മാസം ആദ്യം, റോമില്‍ ജി -20, യു.എന്‍ കാലാവസ്ഥാ ഉച്ചകോടി എന്നിവയ്ക്കുള്ള തയ്യാറെടുപ്പിനായി റോമിലെത്തിയ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഗര്‍ഭച്ഛിദ്ര അവകാശങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തന്റെ അതിരൂപതയിലുള്ള കത്തോലിക്കയായ പെലോസിയെ സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച്ബിഷപ്പ് സാല്‍വറ്റോര്‍ കോര്‍ഡിലിയോണ്‍ വിമര്‍ശിച്ചിരുന്നു. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള അവരുടെ നിലപാട് മാറ്റാന്‍ പെലോസിക്ക് വേണ്ടി ഉപവസിക്കാനും പ്രാര്‍ത്ഥിക്കാനും ആര്‍ച്ച്ബിഷപ്പ് കത്തോലിക്കരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ബൈഡനെ മാര്‍പാപ്പ ഫോണ്‍ ചെയ്ത് അഭിനന്ദിച്ചിരുന്നു.പതിവായി കുര്‍ബാനയില്‍ പങ്കെടുക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കനാണ് ബൈഡന്‍. വാഷിംഗ്ടണിലെ ആര്‍ച്ച്ബിഷപ്പ് എന്ന നിലയില്‍ പ്രസിഡന്റിന്റെ പാസ്റ്ററായ കര്‍ദിനാള്‍ വില്‍ട്ടന്‍ ഗ്രിഗറി, താന്‍ ബൈഡന് കുര്‍ബാന നിരസിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്.അതേസമയം, കുര്‍ബാനയെ ഗര്‍ഭച്ഛിദ്രത്തിന്റെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവന സഭയെ ഭിന്നിപ്പിക്കാന്‍ ഇടയാക്കുമെന്ന്് വത്തിക്കാന്റെ ഉപദേശക ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എസ് കത്തോലിക്കാ ബിഷപ്പുമാര്‍ വാര്‍ഷിക ശരത്കാല സമ്മേളനത്തിനായി ബാള്‍ട്ടിമോറില്‍ ഒത്തുചേരുന്നതിന് രണ്ടാഴ്ച മുമ്പാണ് മാര്‍പാപ്പയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച. ഗര്‍ഭച്ഛിദ്ര അവകാശങ്ങളെ പിന്തുണയ്ക്കുന്ന ബൈഡനെപ്പോലുള്ള കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്കെതിരായി അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തില്‍ ബിഷപ്പുമാര്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുര്‍ബാന നിരസിക്കുന്നതിനെക്കുറിച്ചുള്ള വിവാദത്തെക്കുറിച്ച് കഴിഞ്ഞ മാസം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചപ്പോള്‍, ഗര്‍ഭച്ഛിദ്രം നരഹത്യയാണെന്ന കത്തോലിക്കാ സഭയുടെ ബോധനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. എന്നാല്‍ യുഎസ് സാഹചര്യത്തെ പ്രത്യേകം അഭിസംബോധന ചെയ്യാതെ, ബിഷപ്പുമാര്‍ കുര്‍ബാന സ്വീകരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.
കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് ബിഷപ്പുമാര്‍ തന്നെ തടയുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബൈഡന്‍ പറഞ്ഞത് കുര്‍ബാന സ്വീകരണം ഒരു സ്വകാര്യ കാര്യമാണ്, അത് സംഭവിക്കുമെന്ന് കരുതുന്നില്ല എന്നാണ്.
ഗര്‍ഭച്ഛിദ്രത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും, ഫ്രാന്‍സിസ് മാര്‍പാപ്പയും ബൈഡനും കുടിയേറ്റവും പരിസ്ഥിതിയും ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളില്‍ കൂടുതല്‍ യോജിക്കുന്നു. യു.എന്‍ കാലാവസ്ഥാ ഉച്ചകോടി 'അഭൂതപൂര്‍വമായ പാരിസ്ഥിതിക പ്രതിസന്ധിക്കും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മൂല്യങ്ങളുടെ പ്രതിസന്ധിക്കും ഫലപ്രദമായ പ്രതികരണങ്ങള്‍ നല്‍കാനുള്ള അടിയന്തര ആഹ്വാനങ്ങളെ പ്രതിനിധീകരിക്കുന്നു'- മാര്‍പ്പാപ്പ നിരീക്ഷിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.