കര്‍ഷക സമര സ്ഥലത്ത് ക്രൂര കൊലപാതകം‍; മൃതദേഹം പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കി

കര്‍ഷക സമര സ്ഥലത്ത് ക്രൂര കൊലപാതകം‍; മൃതദേഹം പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകപ്രക്ഷോഭം തുടരുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ. പ്രക്ഷോഭ സ്ഥലത്ത്​ പൊലീസ്​ സ്ഥാപിച്ച ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ആരാണ് കൊലപാതകത്തിന് പിന്നിൽ എന്ന് വ്യക്തമല്ലെന്നുമാണ് പൊലീസ് വിശദീകരണം. 



അതേസമയം സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം സോനിപതിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവാവിനെ തല്ലിക്കൊന്നശേഷം പോലീസ് ബാരിക്കേഡിൽ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. 

അതേസമയം കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പാസ് ചോദിച്ചതിന് നിഹാംഗുകള്‍ പഞ്ചാബ് പൊലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്‌ഐ ഹര്‍ജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേര്‍ക്കുകയും പഞ്ചാബ് പൊലീസ് പ്രമോഷന്‍ നല്‍കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സിംഘുവില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.