നവംബര്‍ ഒന്നു മുതല്‍ രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

നവംബര്‍ ഒന്നു മുതല്‍ രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

സിഡ്‌നി: നവംബര്‍ ഒന്നു മുതല്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി ഓസ്‌ട്രേലിയ വാതിലുകള്‍ തുറക്കുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനമാണ് വിദേശ യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനും ഹോം ക്വാറന്റീനും ഒഴിവാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുന്നത്.

സംസ്ഥാനം ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് കൈവരിച്ചതോടെയാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച വിദേശ യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്നതെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സ്വാഗതം ചെയ്തു.

തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടി.ജി.എ) അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കാണ് ഇളവ് ബാധകമാകുന്നത്. ന്യൂ സൗത്ത് വെയില്‍സിലേക്കുള്ള യാത്രക്ക് മുന്‍പായി കോവിഡ് പരിശോധന നടത്തുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയില്‍ ക്വാറന്റൈന്‍ രഹിത യാത്ര അനുവദിക്കുന്ന ആദ്യ പ്രദേശമാവുകയാണ് ന്യൂ സൗത്ത് വെയില്‍സ്.

സംസ്ഥാനത്ത് അതിര്‍ത്തികള്‍ തുറക്കുന്നതോടെ കൂടുതല്‍ പൗരന്മാര്‍ക്ക് ഓസ്ട്രേലിയയിലേക്കു മടങ്ങാനും രാജ്യത്തുനിന്നു പുറത്തുപോകാനും സാധിക്കുമെന്നു സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

വിനോദസഞ്ചാരികള്‍ക്കും വിദേശ പൗരന്മാര്‍ക്കും യാത്ര അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ബാധകമായിരിക്കും. ഈ വിഭാഗത്തില്‍ ആഴ്ചയില്‍ 210 പേരെയാണ് സംസ്ഥാനത്തേക്ക് അനുവദിക്കുക.

സംസ്ഥാനത്ത് 80 ശതമാനം പേരും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയതായും കൂടുതല്‍ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കുമെന്നും പ്രീമിയര്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സില്‍ ഇന്നലെ 399 കോവിഡ് കേസുകളും നാലു കോവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളില്‍ 677 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 145 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അതേസമയം സിഡ്നിയില്‍ നിന്ന് ഉള്‍നാടന്‍ മേഖലയിലേക്ക് നവംബര്‍ ഒന്ന് വരെ യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.