സൂര്യന്റെ മരണശേഷം സൗരയൂഥം എങ്ങനെയിരിക്കും? നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

സൂര്യന്റെ മരണശേഷം സൗരയൂഥം എങ്ങനെയിരിക്കും? നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ടാസ്മാനിയ: സൂര്യന്റെ അന്ത്യത്തെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ശാസ്ത്രലോകത്തു നടക്കുന്നുണ്ട്. ഏകദേശം 500 കോടി വര്‍ഷങ്ങള്‍ക്കു ശേഷം സൂര്യന്‍ അതിന്റെ ജീവിതാവസാനത്തിലേക്കെത്തുമെന്നാണു നിഗമനം. സൂര്യന്‍ അവസാന ഘട്ടത്തിലേക്കു പോകും മുന്‍പ് മനുഷ്യന്‍ അടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതാകും. അതേസമയം ഭൂമിയുടെ അന്ത്യം സംഭവിക്കുമ്പോള്‍ വ്യാഴം പോലുള്ള ചില ഗ്രഹങ്ങള്‍ അതിജീവിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

സൂര്യന്റെ മരണശേഷം നമ്മുടെ സൗരയൂഥം എങ്ങനെയിരിക്കും എന്ന ഗവേഷണത്തിലേക്കു വെളിച്ചംവീശുന്ന നിര്‍ണായക കണ്ടെത്തലാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്.

ഭൂമിയില്‍നിന്നും ഏകദേശം 6500 പ്രകാശവര്‍ഷങ്ങള്‍ അകലെ, നക്ഷത്രത്തിന്റെ അന്ത്യത്തിനു കാരണമാകുന്ന പൊട്ടിത്തെറിയെ അതിജീവിച്ച ഒരു ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയിരിക്കുകയാണ്.

മരണപ്പെട്ട വെള്ള കുള്ളന്‍ നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഈ വാതക ഭീമന്‍ ഗ്രഹമാണ് സൗരയൂഥത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്ന ചില സൂചനകള്‍ നല്‍കുന്നുത്. പുതുതായി കണ്ടെത്തിയ ഈ ഗ്രഹം വ്യാഴത്തിനു സമാനമായ വലിപ്പമുള്ളവയാണ്.



നമ്മുടെ സൗരയൂഥത്തിലെ ചില ഗ്രഹങ്ങള്‍ക്ക് സൂര്യന്റെ മരണത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. 500 കോടി വര്‍ഷങ്ങള്‍ കൂടിയാണ് സൂര്യന് ശാസ്ത്രജ്ഞര്‍ ആയുസ് കല്‍പിക്കുന്നത്. നിലവില്‍ സൂര്യന്‍ 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സാധാരണ നക്ഷത്രമാണ്. ഹൈഡ്രജന്‍ ഇന്ധനം പൂര്‍ണമായും കത്തി തീരുമ്പോള്‍ കാമ്പ് ചുരുങ്ങുകയും പുറംപാളികള്‍ വികസിച്ച് ചുവപ്പു ഭീമന്‍ എന്ന നിലയിലേക്ക് സൂര്യന്‍ എത്തുകയും ചെയ്യും. ഈ സമയം സൂര്യന്റെ വലുപ്പം 250 മടങ്ങ് വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

റെഡ് ജെയന്റ് രൂപത്തിലേക്ക് മാറുന്നതോടെ സൂര്യന്‍ സാവധാനത്തില്‍ സൗരയൂഥത്തെ ആക്രമിക്കാന്‍ തുടങ്ങും. സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ബുധനും ശുക്രനും ഭൂമിയും അടക്കമുള്ള ഗ്രഹങ്ങളെ വിഴുങ്ങും. ഇങ്ങനെയൊന്ന് സംഭവിക്കുന്നതിനും വളരെ മുന്‍പ് തന്നെ മനുഷ്യനും ഭൂമിയിലെ മറ്റു ജീവജാലങ്ങളും ഇല്ലാതാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പിന്നീട് കോടിക്കണക്കിന് വര്‍ഷങ്ങള്‍ പതുക്കെ മങ്ങിക്കൊണ്ട് വെള്ളക്കുള്ളന്‍ എന്ന അവസ്ഥയില്‍ സൂര്യന്‍ തുടരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വ്യാഴം ഉള്‍പ്പെടെയുള്ള ചില വാതക ഭീമന്മാര്‍ സൂര്യന്റെ ഈ മരണത്തെ അതിജീവിക്കുമെന്നും വെള്ളക്കുള്ളനായ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുമെന്നും ഈ പുതിയ ഗ്രഹത്തിന്റെ അതിജീവന കഥയോടെ തെളിഞ്ഞിരിക്കുന്നു.

പരമ്പരാഗത ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് പല വിദൂര നക്ഷത്രങ്ങളെയും കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ നിറം മങ്ങിയ ഈ വെള്ളക്കുള്ളന്‍ നക്ഷത്രത്തെ മൈക്രോലെന്‍സിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സര്‍വകലാശാലയിലെ ജോഷ്വാ ബ്ലാക്ക്മാന്‍ ഉള്‍പ്പെടെയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ അന്തര്‍ദേശീയ സംഘമാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.