കുറച്ചു സ്ഥലം മതി തക്കാളി കൃഷിയിലൂടെ നേട്ടം കൊയ്യാം

കുറച്ചു സ്ഥലം മതി  തക്കാളി കൃഷിയിലൂടെ നേട്ടം കൊയ്യാം

ചെറുകിട കർഷകർക്ക് കുറച്ച് സ്ഥലം മാത്രം ഉപയോഗിച്ച് കൃഷിചെയ്യാൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി. കേരളത്തിൽ ഏറ്റവുംകൂടുതൽ ആവശ്യക്കാരുള്ളതും പച്ചക്കറിയാണ് തക്കാളി.

വാട്ടരോഗവും ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കാത്തതുമാണ് തക്കാളി കേരളത്തിൽ വേരോടാത്തതിനുള്ള പ്രധാന കാരണം. തക്കാളിക്കൃഷി തുടങ്ങാൻ ഏറ്റവുംഅനുയോജ്യമായ സമയം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ്. മണ്ണിൽ വാട്ടരോഗമുണ്ടാക്കുന്ന ബാക്ടീരിയ കൂടുതലായതിനാൽ കിളച്ചൊരുക്കുമ്പോൾത്തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ തക്കാളിയെ വാട്ടരോഗത്തിന്റെ പിടിയിൽപ്പെടാതെ കരകയറ്റാം.

നല്ല വെയിൽകൊള്ളുന്ന സ്ഥലം നിർബന്ധം. കിളച്ചുപാകപ്പെടുത്തുമ്പോൾത്തന്നെ നന്നായി നനച്ച് സെന്റൊന്നിന് മൂന്നുകിലോ ഗ്രാമെങ്കിലും കുമ്മായം മണ്ണുമായി ചേർത്തിളക്കണം. പൊടിഞ്ഞ കുമ്മായം തന്നെയാണ് നല്ലത്.
പത്തുദിവസത്തിനുശേഷം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം ചേർക്കാം. 100 കിലോഗ്രാം ചാണകപ്പൊടി, രണ്ടുകിലോഗ്രാം ട്രൈക്കോഡെർമയുമായി ചേർത്തിളക്കി നനഞ്ഞ ചണചാക്ക് മൂടിവെച്ച് അഞ്ചുദിവസത്തിലൊരിക്കൽ നേർത്ത നനവ് നൽകാം. രണ്ടാഴ്ചകൊണ്ട് മിത്രകുമിളായ ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം തയ്യാറാകും.

നല്ല തൈകളുടെ തിരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന ഘടകം. ശക്തി, മുക്തി, അനഘ എന്നിവ വാട്ടരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്. കേരള കാർഷിക സർവകലാശാലയിലെ ഡോ. എൻ. നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ തക്കാളി ഗ്രാഫ്റ്റ് തൈകളാണ് ബാക്ടീരിയൽ വാട്ടത്തെ ചെറുക്കാൻ ഏറ്റവും അനുയോജ്യം. ചുണ്ടങ്ങ റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്നതുകൊണ്ട് ഗ്രാഫ്റ്റ് തൈകളിലേക്ക് വാട്ടരോഗം പടരില്ല.
കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലാണ് പ്രധാനമായും തക്കാളിയുടെ ഗ്രാഫ്റ്റ് തൈകൾ ഉത്പാദിപ്പിക്കുന്നത്.
തക്കാളിത്തൈകൾ നടുമ്പോൾ രണ്ടടി അകലത്തിലാകാൻ പ്രത്യേകം ശ്രദ്ധിക്കണം.

നട്ട ഉടനെത്തന്നെ ശീമക്കൊന്നയുൾപ്പെടെയുള്ള പച്ചിലകൾകൊണ്ട് മുടിയിടാം. മണ്ണിലെ സൂക്ഷ്മാണുക്കളെ സംരക്ഷിക്കുന്നതിനും ജൈവാംശം കൂട്ടുന്നതിനും കീടരോഗാണുക്കളെ പ്രതിരോധിക്കുന്നതിനും ഇത് സഹായകമാകും .
അതേസമയം ചെടി വളരാൻ തുടങ്ങുമ്പോൾത്തന്നെ താങ്ങ് വെച്ചുകെട്ടുന്നത് തക്കാളി മറിഞ്ഞുവീഴാതെ, കരുത്തോടെ വളരാൻ സഹായകമാണ്. സ്യൂഡോമോണസിന്റെ കൂട്ടുകെട്ടുണ്ടെങ്കിൽ വാട്ടരോഗത്തെ പ്രതിരോധിക്കാനും ഉത്പാദനംകൂട്ടാനും പറ്റും. 20 ഗ്രാം സ്യൂഡോമോണസും 10 ഗ്രാം ശർക്കരയും ഒരുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി സ്പ്രേ ചെയ്യാം. രണ്ടാഴ്ചയിലൊരിക്കൽ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തടത്തിൽ ഒഴിക്കുന്നതും നല്ലതാണ്.

രണ്ടാഴ്ചയിലൊരിക്കൽ പൊട്ടാഷ് 20 ഗ്രാം തടത്തിലും സൂക്ഷ്മമൂലക മിശ്രിതം മൂന്നുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നതും ഉത്പാദനം കൂട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.