തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കിയുൾപ്പെടെ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്.
ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.
പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. അതേസമയം പാണ്ടനാട് ഉൾപ്പടെയുള്ള മേഖലയിൽ നിലവിൽ വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ അടക്കം ജാഗ്രത തുടരുകയാണ്. മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗീകമായി നശിച്ചത്.
പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടിൽ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് 21 സെമീ തുറന്ന് ഡാമിന്റെ ജല നിരപ്പ് ക്രമീകരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.