പെര്‍ത്തിലെ ആദ്യ മലയാളം ഭാഷാ സ്‌കൂളിന് ഒക്ടോബര്‍ 23ന് തുടക്കം

പെര്‍ത്തിലെ ആദ്യ മലയാളം ഭാഷാ സ്‌കൂളിന് ഒക്ടോബര്‍ 23ന് തുടക്കം

പെര്‍ത്ത്: കുടിയേറ്റ മലയാളികളുടെ എക്കാലത്തെയും ആഗ്രഹമായിരുന്ന മലയാള ഭാഷാ സ്‌കൂളിന് പെര്‍ത്തില്‍ ഒക്ടോബര്‍ 23ന് തുടക്കം കുറിക്കും. ആദ്യ ഘട്ടമായി കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ ആറു വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. ഇതിനായി മലയാളി കുടിയേറ്റ പ്രദേശമായ പിയാരാ വാട്ടേഴ്സിലെ ആസ്പിരി സ്‌കൂളാണ് അനുവദിച്ചു കിട്ടിയിരിക്കുന്നത്.

ഒക്ടോബര്‍ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ ആരംഭിക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്ഥലം എം.എല്‍.എ യാസ് മുബാരക്കി മലയാളം ഭാഷാ സ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. ജഗദീഷ് എം.എല്‍.എ, ആസ്പിരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നോയല്‍ മോര്‍ഗന്‍, കൗണ്‍സിലര്‍ ഷാനവാസ് പീറ്റര്‍, മലയാളം ഭാഷ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് ജോയ്, തമിഴ് ഭാഷാ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സെല്‍വരാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആവേശകരമായ പ്രവേശനോത്സവത്തോടെ നൂറുകണക്കിന് കുട്ടികള്‍ ക്ലാസുകളില്‍ പങ്കെടുക്കും. ആദ്യകാല കുടിയേറ്റ മലയാളികളിലെ ഗുരുനാഥന്മാരായ ഡോ. കുരുവിള മാത്യു, ഡോ. വിജയന്‍ മാഷ് എന്നിവര്‍ക്ക് ദക്ഷിണ നല്‍കി ആദരിക്കും. രശ്മി സിന്‍ജോ, മനോജ് കുര്യാക്കോസ്, അന്‍സില്‍ കാപ്പന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. നിസ്വാര്‍ത്ഥമായി സേവന സന്നദ്ധത പ്രകടിപ്പിച്ച ഒരു ഡസനിലേറെ മലയാളി ടീച്ചേഴ്‌സ് ഇതിനകം തന്നെ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എന്ന ആശയവുമായി മലയാള ഭാഷാ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷനുമായി ചേര്‍ന്നാണ് കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ അക്കാഡമിക് നിലവാരത്തില്‍ ചിട്ടപ്പെടുത്തിയ പാഠ്യ ക്രമങ്ങളും പഠന രീതികളും പിന്തുടരുന്നതിനായി ഇവിടുത്തെ അധ്യാപകരുടെ നേതൃത്വത്തിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആറു മാസത്തിലേറെയായി വിവിധ മേഖലയില്‍ നടന്നു വന്ന മുന്നൊരുക്കങ്ങളുടെയും വിവിധ സംഘടന ഭാരവാഹികളുടേതടക്കമുള്ള നിരവധി മലയാള ഭാഷാ സ്‌നേഹികളായ മലയാളികളുടെ നിരന്തര പരിശ്രമ ഫലമായാണ് ഈ നേട്ടം കൈവരിക്കുവാന്‍ നമുക്കായതെന്ന് പെര്‍ത്തിലെ മലയാളം മിഷന്‍ ഭാരവാഹികളായ ജേക്കബ് സോളമന്‍, രാജേഷ് പോളും അറിയിച്ചു.

നമ്മുടെ ഭാഷയെ ഓസ്ട്രേലിയന്‍ മണ്ണിലേക്ക് പറിച്ചു നടുന്നതിനുള്ള ആദ്യ ചുവടുവയ്പായി മാറുന്ന മലയാള ഭാഷാ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും ഉദ്ഘാടന ചടങ്ങും, പ്രവേശനോത്സവവും ഒരു വന്‍ വിജയമാക്കുവാനും പെര്‍ത്തിലെ മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ജേക്കബ് സോളമന്‍ (0403959976) കെ.പി ഷിബു (0405496969) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ജിസ്മോന്‍ ജോസ്, ടോജോ, തോമസ് ഡാനിയേല്‍, മുഹമ്മദലി ഷെരീഫ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് പ്രവേശനോത്സവത്തിന് നേതൃത്വം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.