ഒരു നാട് മുഴുവന്‍ കണ്ണീരണിഞ്ഞ നിമിഷം: ഇനി ആ ആറ് പേരും രണ്ട് കല്ലറകളില്‍ ഉറങ്ങും...!

 ഒരു നാട് മുഴുവന്‍ കണ്ണീരണിഞ്ഞ നിമിഷം: ഇനി ആ ആറ് പേരും രണ്ട് കല്ലറകളില്‍ ഉറങ്ങും...!

മുണ്ടക്കയം: ഒരു നാട് മുഴുവന്‍ വിലപിക്കുന്ന ഹൃദയഭേദകമായ കാഴ്ച. അന്ത്യയാത്രയ്‌ക്കൊരുങ്ങി ആറ് മൃതദേഹങ്ങള്‍. ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത കാവാലി മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ കാവാലി സെന്റ് മേരീസ് പള്ളിയുടെ നടുത്തളത്തില്‍ അലങ്കരിച്ച പെട്ടികളില്‍. അന്ത്യയാത്ര നല്‍കാന്‍ അന്തിയുറങ്ങിയ വീടും പോലും ബാക്കിയില്ലാത്ത ദയനീയ കാഴ്ച. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്കാണ് എത്തിച്ചത്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. വിട നല്‍കാന്‍ കാത്തു നിന്ന ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. പാലക്കാടുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. ആറുപേരെയും യാത്രയാക്കാന്‍ നാട്ടുകാര്‍ കാവാലി പള്ളിയിലേക്ക് ഒഴുകി എത്തി. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തു.

ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും ജീവിച്ച ആ ആറു പേരും ഇനിയും ഒന്നിച്ചുറങ്ങും. ആറുപേരുടെയും മൃതദേഹങ്ങള്‍ രണ്ട് കല്ലറകളിലായാണ് അടക്കിയത്. കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും ഇത്ര ഹൃദയവേദനയോടെ ഒരു സംസ്‌കാര ചടങ്ങിനും സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. ഒരു നാട് മുഴുവന്‍ കണ്ണീരണിഞ്ഞ നിമിഷം.

ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബവും അപകടത്തില്‍ പ്പെടുന്നത്. കലിതുള്ളി പെയ്ത മഴയും അതേതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെയാണ്. മാര്‍ട്ടിന്റെ മൂന്നു മക്കളും തമ്മില്‍ രണ്ട് വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. അതിനാല്‍ തന്നെ മൂവരും തമ്മില്‍ നല്ല കൂട്ടായിരുന്നു. ഊണും ഉറക്കവും കളിയും പഠനവും എല്ലാം ഒരുമിച്ച്. മരണത്തിലും ഇവരെ വേര്‍പിരിക്കാനായില്ല എന്നത് ബന്ധുക്കള്‍ക്കും നാടിനും ഒരുപോലെ വേദനയായി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി നേരെ ദേവാലയത്തിലേക്ക് എത്തിക്കുകയായിരുന്നു. സാധാരണ വീട്ടിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് എടുക്കാറുള്ളത്. പൊട്ടിയൊലിച്ചു വന്ന പാറയും മണ്ണും വീടടക്കം വിഴുങ്ങുകയായിരുന്നു. അവസാന യാത്രയ്ക്കായി കാത്തു നില്‍ക്കാതെ ആ ഭവനവും അവര്‍ക്കൊപ്പം മണ്ണോടു ചേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.