സിഡ്‌നി: ഏഴാമത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റും ഭാര്യയും. അടുത്ത വര്‍ഷം കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികള്‍ അറിയിച്ചു. 39 കാരനായ ഡൊമിനിക് പെറോട്ടേറ്റ് കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
ദമ്പതികള്‍ക്ക് അഞ്ചു പെണ്‍മക്കളും ഒരു മകനുമാണുള്ളത്. കാത്തിരിക്കുന്നത് പെണ്‍കുഞ്ഞിനെയാണെന്നും അദ്ദേഹം അറിയിച്ചു.
ഏറെ ആവേശഭരിതമായ വാര്‍ത്തയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഞങ്ങളുടെ വീട്ടിലെ ഭിത്തിയെ അലങ്കരിക്കുന്ന ഫോട്ടോ ശേഖരത്തിലേക്ക് ഒരു ഫ്രെയിം കൂടി വേണ്ടിവരും! അടുത്ത വര്‍ഷം ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ഡൊമിനിക് ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. 12 കുട്ടികളുള്ള ഒരു വലിയ കത്തോലിക്ക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറിയ സഹോദരങ്ങളെ പരിപാലിച്ചും അമ്മയെ സഹായിച്ചുമാണ് വളര്‍ന്നതെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡൊമിനിക് പെറോട്ടേറ്റും ഭാര്യ ഹെലനും മക്കളും
ഒരു പതിറ്റാണ്ട് മുന്‍പ് ഇരുപതാം വയസിലാണ് പെറോട്ടേറ്റ് പാര്‍ലമെന്റ് അംഗമാകുന്നത്. അമ്മയ്ക്കും ഭാര്യ ഹെലനുമുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചാണ് തന്റെ കന്നി പ്രസംഗം നടത്തിയത്.
'ഒരു വലിയ കുടുംബത്തില്‍ വളര്‍ന്നതിന്റെ എല്ലാ സന്തോഷവും ഞാന്‍ അനുഭവിച്ചു. 12 കുട്ടികളില്‍ മൂന്നാമനാണ് ഞാന്‍. എന്റെ അമ്മ വളരെ പ്രയാസപ്പെട്ടാണ് കുടുംബം നടത്തിയിരുന്നത്. അവര്‍ക്ക് എല്ലാ ജോലികളും സ്വയം ചെയ്യാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ താനും ജോലികളില്‍ സഹായിച്ചു. എല്ലാ ദിവസവും 12 ജോഡി ഷൂസുകള്‍ പോളിഷ് ചെയ്തും 12 പാക്കറ്റ് ഉച്ചഭക്ഷണം ഒരുക്കിയും കുട്ടികളുടെ ഡയപ്പറുകള്‍ മാറ്റിയുമൊക്കെ അമ്മയെ സഹായിച്ചു-ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു.
രണ്ടാഴ്ച്ച മുന്‍പാണ് ന്യൂ സൗത്ത് വെയില്‍സിലെ 46-ാമത് പ്രീമിയറായി ഡൊമിനിക് പെറോട്ടേറ്റ് ചുമതലയേറ്റത്. അഴിമതി ആരോപണങ്ങളെതുടര്‍ന്ന് പ്രീമിയറായിരുന്ന ഗ്ലാഡിസ് ബെറെജിക്ലിയന്‍ രാജി വച്ചതിനെതുടര്‍ന്നാണ് ഡൊമിനിക് പെറോട്ടേറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്ക കുടുംബത്തിലെ അംഗമായ ഡൊമിനിക് പെറോട്ടേറ്റ് ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും അതേസമയം സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായ നിലപാട് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
2019 ല്‍ സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ കൊണ്ടുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവാണ് ഡൊമിനിക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.