ഫേണ്‍ഹൂക്ക് വെള്ളച്ചാട്ടത്തില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു
പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കാര്‍നാര്‍വോണില്‍നിന്നു കാണാതായ നാലു വയസുകാരിക്കു വേണ്ടിയുള്ള തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നു. ശനിയാഴ്ച്ച രാവിലെ ആറു മണിയോടെയാണ് വിനോദസഞ്ചാര കേന്ദ്രമായ മാക്ലിയോഡിലെ ബ്ളോഹോള്‍സ് ക്യാമ്പ് സൈറ്റില്‍നിന്നു ക്ലിയോ സ്മിത്ത് എന്ന പെണ്‍കുട്ടിയെ കാണാതായത്. ടെന്റിനുള്ളില്‍ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കുട്ടി കിടന്നുറങ്ങിയ സ്ലീപ്പിംഗ് ബാഗ് ഉള്‍പ്പെടെയാണ് കാണാതായത്.
കാണാതാകുമ്പോള്‍ നീല പൂക്കളും മഞ്ഞ ചിത്രശലഭങ്ങളുമുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചിരുന്നത്.
പോലീസ്, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, നാവിക, വ്യോമ സേനാംഗങ്ങള്‍ എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
പ്രദേശത്തെ എല്ലാ ടെന്റുകളിലും പോലീസ് പരിശോധന നടത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു ഇന്‍സ്പെക്ടര്‍ ജോണ്‍ മുണ്ടെ പറഞ്ഞു. അതേസമയം കുട്ടിയെ കാണാതാകുന്ന സമയത്ത് ക്യാമ്പ്‌സൈറ്റില്‍ നിന്ന് ഒരു കാര്‍ അമിതവേഗത്തില്‍ പോയതു സംബന്ധിച്ച റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് വിസമ്മതിച്ചു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കുട്ടിയുടെ അമ്മ എല്ലി സ്മിത്ത് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു.
മകള്‍ തനിയെ ഒരിക്കലും ടെന്റ് വിട്ടുപോകില്ലെന്നു അമ്മ കണ്ണീരോടെ പറഞ്ഞു. മകള്‍ അപ്രത്യക്ഷമായശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കുഞ്ഞുമകളെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
ബ്‌ളോഹോള്‍സ് ക്യാമ്പ്സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30-നാണ് കുടുംബം എത്തിയത്. അത്താഴം കഴിഞ്ഞ് രാത്രി എട്ടുമണിയോടെ ക്ലിയോ ഉറങ്ങാന്‍ കിടന്നതായി എല്ലി സ്മിത്ത് പറഞ്ഞു. അവളുടെ സഹോദരി ഇസ്ലയും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30-ന് മകള്‍ ഉണര്‍ന്ന് വെള്ളം ചോദിച്ചു. പിന്നീട് ഉണരുമ്പോള്‍ ക്ലിയോ അപ്രത്യക്ഷയായിരുന്നു.
തിരമാലകള്‍ ഇടുങ്ങിയ പാറക്കെട്ടുകളില്‍ തട്ടി ജെറ്റ് പോലെ 20 മീറ്റര്‍ വരെ ഉയരുന്ന മനോഹര കാഴ്ച്ചകളാല്‍ സമ്പന്നമാണ് മാക്ലിയോഡിലെ ബ്ളോഹോള്‍സ് മേഖല. നിരവധി വിനോദസഞ്ചാരികള്‍ ഈ കാഴ്ച്ചകള്‍ കാണാന്‍ ഇവിടെയെത്താറുണ്ട്.
വിനോദ സഞ്ചാര മേഖലയായ ബ്‌ളോഹോള്‍സില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നു
ഓസ്ട്രേലിയയിലെ വിനോദ സഞ്ചാര മേഖലകളില്‍നിന്നു കുട്ടികള്‍ കാണാതാകുന്നതും അപകടത്തില്‍പെടുന്നതുമായ സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഫേണ്‍ഹൂക്ക് വെള്ളച്ചാട്ടത്തില്‍ കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം അഞ്ചു ദിവസത്തെ തെരച്ചിലിനൊടുവില്‍ പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം വെള്ളത്തില്‍നിന്നു വീണ്ടെടുത്തത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വെള്ളച്ചാട്ടത്തിനു സമീപം കാണാതായത്. വെള്ളച്ചാട്ടത്തിനു മുകളില്‍നിന്നു കയാകിങ്ങിന് ശ്രമിച്ചപ്പോഴാണ് കുട്ടി അപകടത്തില്‍പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26