'അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എങ്ങനെയാണ് പരിഗണിക്കുക'; ലഖിംപുര്‍ കേസില്‍ യു പി സര്‍ക്കാരിനേതിരെ സുപ്രീം കോടതി

'അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എങ്ങനെയാണ് പരിഗണിക്കുക'; ലഖിംപുര്‍ കേസില്‍ യു പി സര്‍ക്കാരിനേതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സംഭവത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അതൃപ്തി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടിനായി തങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മണിവരെ കാത്തിരുന്നു. പക്ഷെ റിപ്പോര്‍ട്ട് ലഭിച്ചില്ല. കേസ് പരിഗണിക്കുന്ന അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എങ്ങനെയാണ് ഇത് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഉത്തര്‍പ്രദേശിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ തങ്ങള്‍ക്ക് ഇപ്പോഴാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കി. 34 സാക്ഷികളെ വിസ്തരിച്ചുവെന്ന് പറഞ്ഞിട്ട് നാല് പേരുടെ മൊഴികള്‍ മാത്രം രേഖപ്പെടുത്തിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദസറ അവധി കാരണം കോടതികള്‍ അടച്ചിട്ടതിനാലാണ് മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതെന്നായിരുന്നു സാല്‍വേയുടെ മറുപടി.

എന്നാല്‍ ക്രിമിനല്‍ കോടതികള്‍ക്ക് അവധിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മാത്രമല്ല സെക്ഷന്‍ 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തല്‍ വളരെ പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിങ്ങള്‍ ഇത് വെച്ചുനീട്ടുകയാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. അതില്ലാതാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യുപി പൊലീസിനോടായി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹിമ കോലി ആവശ്യപ്പെട്ടു.

അതേസമയം കൂടുതല്‍ വിവരങ്ങളടങ്ങിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കോടതി യുപി സര്‍ക്കാരിന് സമയം നല്‍കി. കേസ് 26ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനക്ക് വരുന്നതിന് മുമ്പു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.