ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ദയാവധ ബില്ലിന്മേലുള്ള വോട്ടെടുപ്പ് അടുത്ത വര്‍ഷം വരെ വൈകും

ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത്  ദയാവധ ബില്ലിന്മേലുള്ള വോട്ടെടുപ്പ് അടുത്ത വര്‍ഷം വരെ വൈകും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കുന്നതു സംബന്ധിച്ച ബില്ലിന്മേലുള്ള വോട്ടെടുപ്പ് അനിശ്ചിതകാലത്തേക്കു വൈകും. ബില്‍ അവലോകനത്തിനായി ഒരു ഉപരിസഭാ കമ്മിറ്റിക്കു കൈമാറി.

നിര്‍ദിഷ്ട ബില്‍ ഈ വര്‍ഷം അധോസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അധോസഭയില്‍ പാസാക്കുകയാണെങ്കില്‍ ബില്‍ ഉപരി സഭ പരിശോധിക്കും. അതേസമയം, ബില്ലിന്മേല്‍ ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബില്ലിന് യാതൊരു മുന്‍ഗണനയും നല്‍കിയിട്ടില്ല. സ്വതന്ത്ര സിഡ്‌നി എം.പി അലക്‌സ് ഗ്രീന്‍വിച്ച് ആണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

പ്രീമിയറായി ചുമതലയേറ്റ ഉടനെ ഒരു വിവാദ ചര്‍ച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഡൊമിനിക് പെറോട്ടേറ്റ് സര്‍ക്കാരിന്റെ ഈ വൈകിപ്പിക്കല്‍ നീക്കമെന്നാണ് കരുതപ്പെടുന്നത്.

പ്രീമിയര്‍ ഡൊമിനിക് പെറോട്ടറ്റും ലേബര്‍ നേതാവ് ക്രിസ് മിന്‍സും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മനസാക്ഷി വോട്ട് അനുവദിക്കും. നിലവില്‍ ബില്‍ അപ്പര്‍ ഹൗസ് കമ്മിറ്റിക്ക് വിടാനാണു തീരുമാനം. അടുത്ത വര്‍ഷം ഫെബ്രുവരി വരെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുമെന്നാണു സൂചന.

രണ്ടാഴ്ച്ച മുന്‍പാണ് ന്യൂ സൗത്ത് വെയില്‍സിലെ 46-ാമത് പ്രീമിയറായി ഡൊമിനിക് പെറോട്ടേറ്റ് ചുമതലയേറ്റത്. ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. 2019-ല്‍ സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ കൊണ്ടുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവാണ് ഡൊമിനിക്.

ദമ്പതികള്‍ക്ക് അഞ്ചു പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഏഴാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നു അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

12 മക്കളില്‍ ഒരാളായി കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ഡൊമിനിക് പെറോട്ടേറ്റ് ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും അതേസമയം സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായ നിലപാട് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.