തിരുവനന്തപുരം: റവന്യൂ പുറമ്പോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ക്വാറികളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പുതിയ നീക്കം. ഓരോ താലൂക്കിലും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനുമാണ് നിര്‍ദേശം.
അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരു കാരണം ക്വാറികള്‍ക്ക് നല്‍കുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരിക്കുന്നത്. ഓരോ താലൂക്കിലും റവന്യൂ പുറമ്പോക്കുകളില്‍ ക്വാറികള്‍ക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലും മറ്റും ക്വാറികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നതിനിടെയാണ് പുതിയ നീക്കം.
സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ പുതിയ ക്വാറികള്‍ക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെ ജുലൈ രണ്ടിലെ നിര്‍ദേശം. ഹെക്ടറിന് പത്ത് ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളില്‍ അനുമതി നല്‍കണം. ഈ മാസം മുപ്പതിനകം ക്വാറികള്‍ ഏറ്റെടുത്തവരുമായി കരാറൊപ്പിടണമെന്നാണ് നിര്‍ദേശം.
സ്ഥലം കണ്ടെത്തുമ്പോള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള റെഡ് സോണുകള്‍, പരിസ്ഥിലോല പ്രദേശങ്ങള്‍, വനം എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. 2018 ല്‍ മഹാപ്രളയം ഉണ്ടായതിന് ശേഷവും ക്വാറികള്‍ക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തൊട്ടടുത്ത വര്‍ഷം ജനുവരിക്ക് ശേഷം 223 ക്വാറികള്‍ക്ക് ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളില്‍ പറയുമ്പോഴും ഇത് ലംഘിക്കപ്പെടാറുണ്ട്.
എല്ലാം പരിശോധിച്ചാണ് അനുമതി എന്നാണ് എപ്പോഴും സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആ ജില്ലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം കണ്ണില്‍പ്പൊടിയിടാന്‍ ചുരുങ്ങിയ സമയത്തേക്ക് നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്യാറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.