നാലു വയസുകാരിയുടെ തിരോധാനം; വിവരം നല്‍കുന്നവര്‍ക്ക് ദശലക്ഷം ഡോളര്‍ പരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്

 നാലു വയസുകാരിയുടെ തിരോധാനം; വിവരം നല്‍കുന്നവര്‍ക്ക് ദശലക്ഷം ഡോളര്‍ പരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്

പെര്‍ത്ത്: നാലു വയസുകാരി ക്ലിയോ സ്മിത്തിനെ കാണാതായ സംഭവത്തില്‍ വിവരം നല്‍കുന്നവര്‍ക്ക് ദശലക്ഷം ഡോളര്‍ (ഏകദേശം 5,60,93,444 ഇന്ത്യന്‍ രൂപ) പരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാക്ലിയോഡിലെ ബ്‌ളോഹോള്‍സ് ക്യാമ്പ് സൈറ്റില്‍നിന്നാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ക്ലിയോ സ്മിത്തിനെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഡിറ്റക്ടീവുകള്‍.

ആറു ദിവസം മുന്‍പാണ് ബ്‌ളോഹോള്‍സിലെ ക്യാമ്പ് സൈറ്റില്‍നിന്ന് കുട്ടിയെ കാണാതായത്. സംഭവത്തിനു തൊട്ടുപിന്നാലെ ക്യാമ്പ് സൈറ്റിനു ചുറ്റുമുള്ള മേഖലകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചയോടെ ഈ ശ്രമം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാതായതിനു പിന്നില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന നിഗമനത്തില്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആരംഭിച്ചത്.

പെണ്‍കുട്ടിയെ ആരോ മനപൂര്‍വം ടെന്റില്‍നിന്ന് എടുത്തുകൊണ്ടു പോയെന്നാണു കരുതുന്നതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റോബ് വൈല്‍ഡ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മാതാപിതാക്കള്‍ കുട്ടിയെ അവസാനമായി കണ്ടത്.

രാവിലെ ആറു മണിക്ക് എഴുന്നേറ്റപ്പോള്‍ കുട്ടി ടെന്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് അമ്മ എല്ലി സ്മിത്ത് മൊഴി നല്‍കിയിരിക്കുന്നത്. ടെന്റിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. പെണ്‍കുട്ടിക്കു തനിയെ ഇതു തുറക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ക്ലിയോ തനിയെ പുറത്തിറങ്ങി പോകാനുള്ള സാധ്യത പോലീസും തള്ളിയിരുന്നു. ക്ലിയോ ഉറങ്ങിയിരുന്ന സ്ലീപ്പിംഗ് ബാഗും കാണാതായിട്ടുണ്ട്്.

കാര്‍ണാര്‍വോണില്‍ പെണ്‍കുട്ടിയെ കാണാതായ മേഖലയില്‍ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരും സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളണ്ടിയര്‍മാരും റിസര്‍വ് ആര്‍മി ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തുന്നുണ്ട്.


ക്ലിയോ സ്മിത്ത്

കൊലപാതകക്കേസുകള്‍ തെളിയിക്കുന്ന വിദഗ്ധരായ ഉദ്യോഗസ്ഥരെയും സംഭവത്തില്‍ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ലിയോയെ അടുത്തറിയാവുന്ന ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ സംസ്ഥാന അതിര്‍ത്തി കടന്ന് കുട്ടിയെ കൊണ്ടുപോകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

രാജ്യത്തെമ്പാടുമുള്ള സംസ്ഥാനങ്ങളിലെ വിവിധ പോലീസ് ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നു റോബ് വൈല്‍ഡ് പറഞ്ഞു.

പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് ഒരു മില്യണ്‍ ഡോളറിന്റെ പരിതോഷികവും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ തന്നെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.


ക്ലിയോ സ്മിത്തിനെ കാണാതായ സ്ഥലം

ക്ലിയോയുടെ തിരോധാനത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നും പ്രീമിയര്‍ മുന്നറിയിപ്പു നല്‍കി.

ഏറെ ദുഃഖകരമായ ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസില്‍ അറിയിക്കണമെന്ന് പ്രീമിയര്‍ അഭ്യര്‍ഥിച്ചു. പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് ക്ലിയോയെ എത്രയുംപെട്ടെന്ന് സുരക്ഷിതമായി എത്തിക്കാനാണു ശ്രമിക്കുന്നത്.

ലൈംഗിക അതിക്രമക്കേസുകളില്‍ മുന്‍പ് പ്രതികളായ ഇരുപതോളം പേരെ സംശയത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ തിരോധാനത്തിലേക്കു വെളിച്ചം വീശുന്ന യാതൊരു വിവരവും ലഭിച്ചില്ല.

പെണ്‍കുട്ടിയെ കാണാതായ മേഖലയിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്:

ടെന്റില്‍ കിടന്നുറങ്ങിയ നാല് വയസുകാരിയെ കാണാതായിട്ട് നാലു ദിവസം; തട്ടിക്കൊണ്ടു പോയതായി സംശയം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.