അജപാലന വരദാനങ്ങളെ അനുഗ്രഹദായകമാക്കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

അജപാലന വരദാനങ്ങളെ  അനുഗ്രഹദായകമാക്കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 22

1978 ഒക്ടോബര്‍ 26 മുതല്‍ 2005 ഏപ്രില്‍ രണ്ടു വരെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജനനം 1920 മെയ് 18 നാണ്. കരോള്‍ വോയ്റ്റീവ - എമിലിയ കാക്‌സോറോവ്‌സ്‌ക ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജനനം.

ഈ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂന്നാമത്തവനായിരുന്നു കരോള്‍ ജോസഫ് വോയ്റ്റീവ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍. അദ്ദേഹത്തിന്റെ അമ്മ 1929 ലും മൂത്ത സഹോദരന്‍ എഡ്മണ്ട് 1932 ലും മരിച്ചു. 1941 ലായിരുന്നു സൈനികോദ്യോഗസ്ഥനായ പിതാവിന്റെ മരണം.

സ്‌കൂള്‍ പഠന കാലത്തെ നാടക വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു കരോള്‍ വോയ്റ്റീവ. വാഡോവൈസിലെ മാര്‍സിന്‍ വാഡോവിറ്റ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം 1938 ല്‍ ക്രാക്കോയിലെ ജാഗേല്ലോണിയന്‍ സര്‍വകലാശാലയിലും നാടകത്തിനുള്ള ഒരു സ്‌കൂളിലും ചേര്‍ന്നു.

1939 ല്‍ നാസികള്‍ സര്‍വ്വകലാശാല അടച്ചപ്പോള്‍ ജര്‍മ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട് സോള്‍വെയ് കെമിക്കല്‍ ഫാക്ടറിയിലും (1940-1944) ജോലി ചെയ്തു. ഇതിനിടെ പൗരോഹിത്യ ജീവിതത്തിനായി താന്‍ വിളിക്കപ്പെട്ടു എന്നറിഞ്ഞ അദ്ദേഹം ആഡം സ്റ്റെഫാന്‍ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം ക്രാക്കോയിലെ ക്ലാന്‍ഡെസ്റ്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു.

ഇതിനിടെ ദൈവ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടുന്നതിനായി കര്‍ദ്ദിനാള്‍ സപിയെഹ കരോള്‍ ജോസഫിനെ 1948 ല്‍ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് അദ്ദേഹം തന്റെ പ്രബന്ധം എഴുതിയത്.

റോമില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കരോള്‍ തന്റെ അവധിക്കാലങ്ങള്‍ ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് എന്നീ രാജ്യങ്ങളിലെ പോളണ്ട് അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948 ല്‍ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും ക്രാക്കോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്‌ളോരിയാന്‍ പള്ളിയിലും 1951 വരെ യൂണിവേഴ്‌സിറ്റി ചാപ്പലിലും പുരോഹിതനായി സേവനമനുഷ്ടിച്ചു.

പിന്നീട് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങളില്‍ മുഴുകി. 1953 ല്‍ മാക്‌സ് ഷെല്ലെര്‍ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകള്‍ എന്ന തന്റെ പ്രബന്ധം ജാഗേല്ലോണിയന്‍ സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ക്രാക്കോവിലെ സെമിനാരിയില്‍ ധാര്‍മ്മിക ദൈവശാസ്ത്ര പ്രൊഫസറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി സേവനം ചെയ്തു.

1958 ജൂലൈ നാലിന് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ഫാ. കരോളിനെ ക്രാക്കോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബര്‍ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത അദ്ദേഹത്തെ ക്രാക്കോവിലെ വാവെല്‍ ഭദ്രാസനപ്പള്ളിയില്‍ നിയമിച്ചു. 1964 ജനുവരി 13ന് പോള്‍ ആറാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ ക്രാക്കോവിലെ മെത്രാനായി വാഴിച്ചു. പിന്നീട് 1967 ജൂണ്‍ 26ന് കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തി.

മെത്രാനായിരിക്കെ കരോള്‍ ജോസഫ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുക്കുകയും (1962-1965) അജപാലന ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുന്‍പുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. 1978 ഒക്ടോബര്‍ 26ന് കര്‍ദ്ദിനാള്‍ കരോള്‍ ജോസഫ് വോയ്റ്റീവയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു.

ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317 ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും തീക്ഷ്ണമായ അജപാലന ഔത്സുക്യം കൊണ്ടും അദ്ദേഹം നൂറിലധികം രാജ്യാന്തര അപ്പോസ്‌തോലിക യാത്രകള്‍ നടത്തി. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രിക ലേഖനങ്ങളും, 15 അപ്പസ്‌തോലിക ഉപദേശങ്ങളും, 11 അപ്പോസ്‌തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും 45 അപ്പോസ്‌തോലിക കത്തുകളും ഉള്‍പ്പെടുന്നു.

അഞ്ച് പുസ്തകങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എഴുതിയിട്ടുണ്ട്. ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ് (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ് മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്‌സറി ഓഫ് മൈ പ്രീസ്റ്റ്‌ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ് അസ് ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച് 2004), മെമ്മറി ആന്‍ഡ് ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ.

ആഗോള സഭയുടെ തലവെനെന്ന നിലയില്‍ അദ്ദേഹം ഏതാണ്ട് 147 ഓളം നാമകരണങ്ങള്‍ നടത്തി. ഒമ്പത് പ്രാവശ്യമായി 231 ഓളം കര്‍ദ്ദിനാള്‍മാരെയും അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ ആറ് സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ 15 സുനഹദോസുകള്‍ നടത്തി.

1981 മെയ് മൂന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടയ്ക്ക് തന്നെ വധിക്കാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി.

ധാരാളം പുതിയ രൂപതകള്‍ സ്ഥാപിക്കുവാനും സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും പൗരസ്ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്താനും അദ്ദേഹം പ്രയത്‌നിച്ചു. ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും എ.ഡി 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.

ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്‍മാര്‍, ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അദ്ദേഹം നിരവധി കൂടിക്കാഴ്ചകള്‍ നടത്തി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് 2005 ഏപ്രില്‍ രണ്ടിന് ഈ ലോകത്തോട് വിട പറഞ്ഞു. ഏപ്രില്‍ എട്ടിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും സെന്റ് പീറ്റേഴ്‌സ് ബസ്‌ലിക്കയിലെ കല്ലറയില്‍ സംസ്‌കരിക്കുകയും ചെയ്തു.

2011 മെയ് ഒന്നിന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രില്‍ 27ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മാച്ചെറാക്കിലെ ബെനഡിക്റ്റ്

2. അലക്‌സാണ്ടറും ഹെരാക്ലിയൂസും

3. ഫ്രീജിയായിലെ അബെര്‍സിയൂസ്

4. ഫ്രെഞ്ച് രാജകുമാരനായ ബെര്‍ത്താരിയൂസ്

5. ഉര്‍സുലായുടെ കൂട്ടുകാരിയായ കൊര്‍ഡുലാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26