സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. ഡല്‍ഹിയില്‍ ചേരുന്ന യോഗം മൂന്ന് ദിവസം ഉണ്ടാകും. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കുന്ന കാര്യത്തിലും കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച നയം തീരുമാനിക്കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും. ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഇടത് മതേതര ചേരി നയിക്കുന്ന സഖ്യം വേണമെന്നാണ് കേരള ഘടകത്തിന്റെ നിലപാട്.

കോണ്‍ഗ്രസ് വര്‍ഗീയതയെ ചെറുക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം പ്രായോഗികമല്ലെന്ന് ബംഗാള്‍ ഘടകവും വ്യക്തമാക്കുന്നു. ദേശീയ സാഹചര്യവും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വ്യത്യസ്തമാണെന്നാണ് ബംഗാള്‍ നേതാക്കളുടെ നിലപാട്.

ഇതിനെ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോ ഈ വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിട്ടത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുകയാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കും. കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.