തവാങില്‍ യുദ്ധപരിശീലനവും ആയുധ സന്നാഹങ്ങളുമായി ഇന്ത്യ സര്‍വ്വ സജ്ജമാകുന്നു

തവാങില്‍  യുദ്ധപരിശീലനവും ആയുധ സന്നാഹങ്ങളുമായി ഇന്ത്യ സര്‍വ്വ സജ്ജമാകുന്നു

തവാങ്: ചൈനയ്‌ക്ക് കടുത്ത സന്ദേശം നല്‍കി അരുണാചല്‍ പ്രദേശിലെ തവാങില്‍ യുദ്ധപരിശീലനവും ആയുധ സന്നാഹങ്ങളുമായി ഇന്ത്യ സര്‍വ സജ്ജമാകുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഗ്രാമങ്ങള്‍ സ്ഥാപിച്ചും മറ്റും സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്ന ചൈനയ്‌ക്ക് കടുത്ത മറുപടിയാണ് ഇതോടെ ഇന്ത്യ നൽകുന്നത്.

തവാങില്‍ കഴിഞ്ഞ ദിവസം യുദ്ധസമാനമായ ഡ്രില്‍ ആണ് ഇന്ത്യ നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ 'ശത്രു ടാങ്കുകള്‍' തകര്‍ക്കുകയും ചെയ്‌തു. ലഡാക്കില്‍ ഒരു വര്‍ഷത്തിലേറെയായി ചൈനയുമായി സൈനിക സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ യുദ്ധ പരിശീലനം.

അടുത്തിടെ അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം തുരത്തിയിരുന്നു. ചൈനീസ് ഭീഷണി നേരിടാന്‍ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൈനസ് മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സൈനികര്‍ കടുത്ത കായിക, സൈനിക പരിശീലനത്തിനൊപ്പം ധ്യാനമുറകളും അഭ്യസിക്കുന്നു.

അത്യാധുനിക ഉപകരണങ്ങളുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ ചൈനയുടെ ഏത് നീക്കവും കണ്ടെത്തും. പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുധങ്ങളും ഇന്ത്യ വിന്യസിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതാണ് ഇന്ത്യയ്‌ക്ക് വെല്ലുവിളി. ഇപ്പോള്‍ ഈ ഗ്രാമങ്ങളില്‍ ആളുകള്‍ ഇല്ലെങ്കിലും സിവിലിയന്മാര്‍ക്കൊപ്പം സൈനികരെയും ചൈന ഇവിടെ പാര്‍പ്പിക്കാന്‍ സാദ്ധ്യതയുണ്ട്. അതും കണക്കിലെടുത്താണ് ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.