അനുപമയുടെ കുട്ടി എവിടെ? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്ന് പ്രതിപക്ഷ നേതാവ്

അനുപമയുടെ കുട്ടി എവിടെ? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഞ്ഞ് എവിടെയാണെന്ന് സര്‍ക്കാര്‍ പറയണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമായി പൊലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ഒരു സ്ത്രീ വന്ന് പരാതി പറഞ്ഞിട്ടും ആറ് മാസമായിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രേഖപ്പെടുത്താത്തതെന്നും വി ഡി സതീശന്‍ ചോദിച്ചു. കേരളത്തില്‍ സിപിഎം ഭരണമാണ് നടക്കുന്നത്. സിപിഎമ്മിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അവര്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നീതി കിട്ടുക എന്നും അദ്ദേഹം ചോദിച്ചു.

കുട്ടിയുടെ വിഷയം വെറും ഒരു പാര്‍ട്ടിക്കാര്യമല്ല. ഇതിന് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം പറയണം. സംഭവത്തില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാര്യം തീര്‍ക്കുന്നത് പോലെയാണ് ഇക്കാര്യം തീര്‍ക്കുന്നത്. പാര്‍ട്ടിക്ക് വേറെ കോടതിയും വേറെ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലും വേറെ പൊലീസും എന്നത് പറ്റില്ല. ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും കേരളമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കുഞ്ഞ് എവിടെയെന്ന് ചോദിക്കുന്ന അമ്മയോട് അവരുടെ കുഞ്ഞ് എവിടെയാണെന്ന് സര്‍ക്കാരും ഏജന്‍സികളും പറയണം. ഒരു അമ്മ കുഞ്ഞിനെ വന്ന് ചോദിക്കുമ്പോള്‍ ആ കുഞ്ഞിനെ കൈകാര്യം ചെയ്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൈമലര്‍ത്തി കാണിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഈ ഏജന്‍സികള്‍? സര്‍ക്കാര്‍ ഏജന്‍സികള്‍ വെറും നോക്കുകുത്തികളാണോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം അനുപമയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുന്നതാണ് അഭികാമ്യമെന്നും വീണാ ജോര്‍ജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.

അനുപമ പറയുന്ന കാലയളവില്‍ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതില്‍ ഒരാളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചു നല്‍കൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.