പെര്‍ത്ത്: കുമ്പസാര രഹസ്യം പോലീസില്‍ അറിയിക്കണമെന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമ നിര്‍മാണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെലോ. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് വൈദികര്‍ക്ക് കുമ്പസാര വേളയില്‍ അറിവു ലഭിച്ചാല്‍ അക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിബന്ധന. ഇതുസംബന്ധിച്ച അതൃപ്തിയും നിലപാടും വ്യക്തമാക്കി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ദിവസം ഇടയലേഖനം പുറത്തിറക്കിയിരുന്നു.
കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന കത്തോലിക്ക സഭാ ചട്ടങ്ങളിലേക്കുള്ള കടന്നുകയറ്റമായി നേരത്തെ തന്നെ ഈ നിയമനിര്‍മാണം വിമര്‍ശിക്കപ്പെട്ടിരുന്നു. കുമ്പസാരത്തിന്റെ രഹസ്യാത്മകത സംബന്ധിച്ച് വൈദികര്‍ക്ക് ലഭിക്കുന്ന പ്രത്യേക നിയമപരിരക്ഷ പുതിയ നിയമനിര്‍മാണം ഇല്ലാതാക്കുമെന്നാണ് പ്രധാന ആശങ്ക.
പുതിയ നിയമനിര്‍മാണം വഴി ലൈംഗിക അതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുമെന്ന യാതൊരു ഉറപ്പും ഭരണകൂടത്തിനു നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച കത്തില്‍ പറയുന്നു.
നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതിയുടെ ഭൂരിപക്ഷം ശിപാര്‍ശകളും പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. കുമ്പസാരത്തിനിടെ ഇത്തരം ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം കിട്ടിയാല്‍ ഒരു വൈദികന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായും കത്തില്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നു.
കത്തോലിക്ക സഭയിലെ കുമ്പസാര രഹസ്യത്തെക്കുറിച്ച് അജ്ഞതയുള്ളവരോ അല്ലെങ്കില്‍ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ് നിലവിലുള്ള കുപ്രചാരണങ്ങള്‍ക്കു പിന്നില്‍. കുമ്പസാരത്തിനെത്തുന്നവര്‍ക്ക്് ഉപദേശവും പിന്തുണയും നല്‍കി അവരെ നേര്‍വഴിയില്‍ നയിക്കുകയാണ് വൈദികന്റെ ചുമതല.
കാനോന്‍ നിയമം അനുസരിച്ച് കുമ്പസാര രഹസ്യം വെളിപ്പെത്തുന്നത് ആ വ്യക്തിയോടുള്ള വിശ്വാസ വഞ്ചനയും ചതിവുമാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
പുരോഹിതര്‍ക്കു പുറമേ, കുട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, സൈക്കോളജിസ്റ്റുകള്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും നിയമനിര്‍മാണം ബാധകമാണ്.
ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളായ ക്വീന്‍സ്‌ലാന്‍ഡും വിക്ടോറിയയും ഇതിനു സമാനമായ നിയമനിര്‍മ്മാണം നടപ്പാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.