• Wed Mar 26 2025

'കനകം കാമിനി കലഹം' ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം നവംബറില്‍ ഒടിടി റിലീസിന്

'കനകം കാമിനി കലഹം' ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം നവംബറില്‍ ഒടിടി റിലീസിന്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം നിവിന്‍ പോളി നായകനായ ഫാമിലി എന്റര്‍ടൈനര്‍ 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബര്‍ 12ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമെന്ന സന്തോഷവാര്‍ത്തയും ട്രെയ്ലറില്‍ പങ്ക് വെക്കുന്നുണ്ട്.

വേള്‍ഡ് ഡിസ്നി ഡേയായ നവംബര്‍ 12ന് തന്നെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തുന്നുവെന്നതും ഒരു സവിശേഷതയാണ്. രസകരമായ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

'രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോള്‍ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകര്‍ക്ക് മനസ് ഒന്നു തണുപ്പിക്കുവാന്‍ ഈ ചിത്രം കാരണമാകും എന്നു എനിക്ക് തോന്നി. കുടുംബങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നര്‍മ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകര്‍ കൊതിക്കുന്ന മനസ് തുറന്നുള്ള പൊട്ടിച്ചിരികള്‍ തിരികെ കൊണ്ടു വരുവാന്‍ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.' നിവിന്‍ പോളി പറഞ്ഞു.


ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തില്‍ കൂടുതല്‍ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകര്‍ക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ മറ്റ് അഭിനേതാക്കള്‍. യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു.

എഡിറ്റിംങ്-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈനര്‍-ശ്രീജിത്ത് ശ്രീനിവാസന്‍, കല-അനീസ് നാടോടി, കോസ്റ്റ്യൂംസ്-മെല്‍വി ജെ, മേക്കപ്പ്-ഷാബു പുല്‍പ്പള്ളി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.