സിഡ്‌നി: അഴിമതിക്കേസില്‍ ന്യൂ സൗത്ത് വെയില്‍സ് മുന്‍ മന്ത്രി ജയിലില്‍. ലേബര്‍ പാര്‍ട്ടി നേതാവ് 77 വയസുകാരനായ എഡ്ഡി ഒബെയ്ദിനെ മൂന്നു വര്‍ഷവും പത്തു മാസവുമാണ് കഴിഞ്ഞ വ്യാഴാഴ്ച്ച കോടതി ശിക്ഷ വിധിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ സറി ഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുന്നതിനു പകരം വീട്ടിലേക്കു പോകാന്‍ പോലീസ് എഡ്ഡി ഒബെയ്ദിനെ അനുവദിച്ചിരുന്നു.
കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെയാണ് ജയില്‍വാസം അനിവാര്യമായത്.
ന്യൂ സൗത്ത് വെയില്‍സിലെ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട ലൈസന്‍സ് നടപടികളിലെ അഴിമതിയെതുടര്‍ന്നാണ് മുന്‍ മന്ത്രിയായിരുന്ന ഒബെയ്ദിനെ ശിക്ഷിച്ചത്. ശിക്ഷാവിധി കേട്ടതിനു പിന്നാലെ വീട്ടിലേക്കു മടങ്ങി. വെള്ളിയാഴ്ച്ച ജാമ്യാപേക്ഷയില്‍ വാദം കേട്ട ജസ്റ്റിസ് എലിസബത്ത് ഫുള്ളര്‍ട്ടണ്‍ ഒബെയ്ദിന്റെ വാദങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചില്ല.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിയെ ജാമ്യത്തില്‍ വിട്ടയക്കേണ്ട അസാധാരണ സാഹചര്യം നിലവില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. ഇന്നു രാവിലെ പത്തിനു തന്നെ സില്‍വര്‍ വാട്ടര്‍ ജയിലില്‍ നേരിട്ടു ഹാജരാകണമെന്നും ഉത്തരവിട്ടു. വരുന്ന തിങ്കളാഴ്ച്ച 78-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഒബെയ്ദ് ജയിലിലാകുന്നത്.
ഒബെയ്ദിനൊപ്പം സഹമന്ത്രിയായിരുന്ന ഇയാന്‍ മക്‌ഡൊണാള്‍ഡിനെയും (72) കഴിഞ്ഞ ദിവസം ഇതേ കോടതി ശിക്ഷിച്ചിരുന്നു. അഞ്ചു വര്‍ഷവും മൂന്നു മാസവും ആയിരുന്നു തടവുശിക്ഷ.
ഒബെയ്ദിന്റെ മകന്‍ മോസസ് ഒബെയ്ദിനെയും ഇതേ കേസില്‍ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. 52 വയസുകാരനായ മോസസിനെയും മക്‌ഡൊണാള്‍ഡിനെയും ശിക്ഷാവിധിക്കു പിന്നാലെ ജയിലില്‍ അടച്ചു.
ന്യൂ സൗത്ത് വെയില്‍സ് ജയിലില്‍ കഴിയുന്ന 83 ശതാമനം തടവുപുള്ളികളും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും 65.6 ശതമാനം രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് മൂവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.