വത്തിക്കാന്‍ സിറ്റി: ധീരവും സുസ്ഥിരവും ദൃഢതരവുമായ ദൈവ വിശ്വാസം അത്ഭുതകരമായ സദ്ഫലങ്ങള്‍ ഉളവാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാവപ്പെട്ടവന്റെ നിലവിളിക്ക് ദൈവം സദാ കാതോര്‍ക്കുന്നുവെന്നും, ബര്‍ത്തേമിയൂസ് എന്ന അന്ധ യാചകന്‍ 'യേശുവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കരുണയുണ്ടാകേണമേ' എന്ന ദീനസ്വരവുമായി യേശുവില്‍ നിന്ന് അത്ഭുതകരമായ സൗഖ്യം സ്വന്തമാക്കിയ സുവിശേഷ ഭാഗം ഞായറാഴ്ച പ്രസംഗത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
യേശു ബര്‍ത്തേമിയൂസിനെ കണ്ടുമുട്ടിയ സന്ദര്‍ഭം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. മറ്റുള്ളവരാല്‍ നിന്ദിക്കപ്പെട്ടിട്ടും ധൈര്യപൂര്‍ണ്ണമായ വിശ്വാസത്തോടും പ്രത്യാശയോടും കൂടെ ദൈവത്തെ വിളിച്ചുകൊണ്ടേയിരുന്നു ബര്‍ത്തേമിയൂസ്. ആ വിളി വിഫലമായില്ല. 'നിന്റെ വിശ്വാസമാണ് നിന്നെ സുഖപ്പെടുത്തിയത്' എന്ന് പറഞ്ഞുകൊണ്ട് തന്നെ യേശു അവനു കാഴ്ച തിരികെ നല്‍കി.
യേശുവിനെ മിശിഹായായി ബര്‍ത്തേമിയൂസ് അംഗീകരിക്കുകയും അവിടത്തെ കാരുണ്യം ആവശ്യപ്പെട്ട് ആത്മവിശ്വാസത്തോടെ ഹൃദയത്തില്‍ നിന്ന് പേര് വിളിക്കുകയും ചെയ്തുവെന്ന് പാപ്പാ നിരീക്ഷിച്ചു. എല്ലാം ചെയ്യാന്‍ കഴിയുന്നവനില്‍ നിന്ന് അവന്‍ എല്ലാം ചോദിച്ചു. ദൈവത്തിന്റെ അനുകമ്പയും കരുണയും ആര്‍ദ്രതയും ആവശ്യപ്പെട്ടത് പരിമിതമായ വാക്കുകള്‍ ഉപയോഗിച്ച്. കാഴ്ച വീണ്ടെടുക്കാനുള്ള അത്ഭുതത്തിനായി ബര്‍ത്തേമിയൂസ്് ദൈവസ്‌നേഹത്തില്‍ സ്വയം ഭരമേല്‍പ്പിച്ചു. ജീവിതം ഏല്‍പ്പിച്ച മുറിവുകളും കഷ്ടപ്പാടുകളും അപമാനങ്ങളും തകര്‍ന്ന സ്വപ്‌നങ്ങളും സ്വന്തം വീഴ്ചകളും എല്ലാമാണ് ഇതോടൊപ്പം യേശുവിന്റെ പാദത്തില്‍ വച്ച് ഹൃദയത്തിന്റെ സൗഖ്യത്തിനായി കേണത്.
അര്‍ജന്റീനയില്‍ ഒമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ പിതാവ് അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഭവം ഫ്രാന്‍സിസ് മാര്‍പാപ്പ വിവരിച്ചു. ആ രാത്രി അതിജീവിക്കാന്‍ അവള്‍ക്കാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതു കേട്ടശേഷം 70 കിലോമീറ്റര്‍ അകലെയുള്ള ഒരു മരിയന്‍ ദേവാലയത്തിലേക്ക് ബസില്‍ തിടുക്കപ്പെട്ടു പോയി ആ പിതാവ്. പള്ളി അടച്ചിരുന്നെങ്കിലും , മകളെ രക്ഷിക്കാന്‍ ഏകനായി ദൈവത്തോട് നിലവിളിച്ചു പ്രാര്‍ത്ഥന തുടര്‍ന്നു രാത്രി മുഴുവന്‍. പിറ്റേന്ന് രാവിലെ അദ്ദേഹം ആശുപത്രിയില്‍ തിരിച്ചെത്തിയപ്പോള്‍ അത്ഭുതകരമായി സുഖപ്പെട്ട മകളെയാണ് കണ്ടത്. എങ്ങനെ അതു സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. നമുക്ക് സകലതും തരാന്‍ കഴിയുന്ന ദൈവത്തോട് എല്ലാം ചോദിക്കാനുള്ള ധൈര്യവും വിശ്വാസവും ഉണ്ടാകുകയെന്നതാണ് പ്രധാനമെന്ന് മാര്‍പാപ്പ പറഞ്ഞു.
'ദാവീദിന്റെ പുത്രനായ യേശുവേ, എന്നോട് കരുണ കാണിക്കൂ! ...' എന്ന പ്രാര്‍ത്ഥന നമുക്ക് സ്വന്തമാക്കാം- മാര്‍പാപ്പ ആഹ്വാനം ചെയ്തു. എന്നാല്‍ ഇത് ആവര്‍ത്തിക്കാന്‍ മാത്രം ധൈര്യശാലികളാണോ നമ്മളെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. സമീപസ്ഥനായ കര്‍ത്താവിനെ മനസ്സിലാക്കാനും വിളിക്കാനും കഴിയുന്ന തരത്തിലാണോ നമ്മുടെ പ്രാര്‍ത്ഥനകളെന്ന് ആത്മശോധന ചെയ്യണം. കര്‍ത്താവിന്റെ മുമ്പാകെ നമ്മുടെ ഹൃദയം തുറന്നു വയ്ക്കുന്നുണ്ടോ അതോ ഭീരുത്വം അല്ലെങ്കില്‍ വിശ്വാസക്കുറവ് മൂലം അകലം പാലിക്കുകയാണോ? വിശ്വാസത്തിന്റെ ജീവനുള്ളപ്പോള്‍, പ്രാര്‍ത്ഥന ഹൃദയംഗമമാണ്. നമ്മുടെ ഹൃദയങ്ങളില്‍ കൃപയും സന്തോഷവും പകരാന്‍ സദാ ഉല്‍സുകനാണ് യേശു; നമുക്കുവേണ്ടി എല്ലാം ചെയ്യാന്‍ കഴിയുന്ന അവിടത്തോട് നാം എല്ലാം ചോദിക്കണം. ഇക്കാര്യത്തില്‍ ബര്‍ത്തമേയൂസിന്റെ 'സ്ഥിരവും ഉറച്ചതും ധീരവുമായ വിശ്വാസം' മാതൃകയാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.