'ബിഗ് ജോണ്‍' ലേലം കസറി; 66 ദശലക്ഷം വര്‍ഷം മുമ്പത്തെ ട്രൈസെറാടോപ്‌സ് ദിനോസര്‍ ഫോസില്‍ വിറ്റു പോയത് 66 ലക്ഷം യൂറോയ്ക്ക്

'ബിഗ് ജോണ്‍' ലേലം കസറി; 66 ദശലക്ഷം  വര്‍ഷം മുമ്പത്തെ ട്രൈസെറാടോപ്‌സ് ദിനോസര്‍ ഫോസില്‍ വിറ്റു പോയത് 66 ലക്ഷം യൂറോയ്ക്ക്

പാരിസ്: ഇതുവരെ കണ്ടെത്തിയ ട്രൈസെറാടോപ്‌സ് ദിനോസറുകളില്‍ ഏറ്റവും ഭീമാകാരിയും 66 ദശലക്ഷം വര്‍ഷം മുമ്പ് അമേരിക്കന്‍ വന്‍കരയില്‍ വിഹരിച്ചിരുന്നതുമായ 'ബിഗ് ജോണി'ന്റെ ഫോസില്‍ ലേലത്തിനു വച്ചപ്പോള്‍ വിറ്റുപോയത് 57 കോടി രൂപയ്ക്ക് (66 ലക്ഷം യൂറോ). ഡ്രായറ്റ് കമ്പനി പാരിസില്‍ നടത്തിയ ലേലത്തില്‍ പരമാവധി 13 കോടി രൂപ ലഭിക്കുമെന്നായിരുന്നു മുന്‍കൂട്ടി കണക്കാക്കിയിരുന്നതെങ്കിലും അഞ്ചിരട്ടി തുക ലഭിച്ചു.

ഇന്നത്തെ യു.എസിലെ അലാസ്‌ക മുതല്‍ മെക്‌സിക്കോ വരെ നീണ്ടു കിടന്നിരുന്ന ലാറാമിഡിയ മേഖലയിലാണ് ബിഗ് ജോണ്‍ ജീവിച്ചിരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സൗത്ത് ഡക്കോട്ടയിലുണ്ടായ പ്രളയത്തോടെ ഇവ തുടച്ചുമാറ്റപ്പെടുകയായിരുന്നു. 2.62 മീറ്ററോളം നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള തലയോട്ടി, ഒരു മീറ്ററിലേറെ നീളമുള്ള രണ്ട് കൊമ്പുകള്‍ എന്നിവയാണ് ബിഗ് ജോണിന്റേതായി രൂപപ്പെടുത്താനായത്. ഇതുവരെ കണ്ടെത്തിയ മറ്റേതു ട്രൈസെറാടോപ്‌സ് ദിനോസറുകളെക്കാളും 10 ശതമാനത്തോളം വലുതാണിത്.

ജിയോളജിസ്റ്റ് വാള്‍ട്ടര്‍ സ്റ്റീന്‍ ബില്‍ 2014 ല്‍ സൗത്ത് ഡക്കോട്ടയിലാണ് ബിഗ് ജോണ്‍ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. 2015-ഓടെ ഫോസിലിന്റെ 60 ശതമാനവും പുരാവസ്തു ഗവേഷകര്‍ വീണ്ടെടുത്തു. ഇങ്ങനെ കണ്ടെത്തിയ ഇരുനൂറിലേറെ ഭാഗങ്ങള്‍ ഇറ്റലിയില്‍ അതിസൂക്ഷ്മമായി കൂട്ടിച്ചേര്‍ത്താണ് പാരിസില്‍ ലേലത്തിനു വെച്ചത്.

ട്രൈസെറാടോപ്‌സ് എന്നതൊരു ഗ്രീക്ക് പദമാണ്; മൂന്ന് കൊമ്പുകളുള്ള മുഖം എന്നര്‍ത്ഥം. റ്റിറാനോസാറസ് റക്‌സ്, സ്റ്റെഗോസോറസ്, അപാറ്റോസോറസ് എന്നിവയെപ്പോലെ ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റുന്ന ദിനോസറുകളിലൊന്നാണിത്. മൂന്ന് കൊമ്പുകള്‍ ഉള്ളതിനാല്‍ പ്രത്യേകിച്ചും. സെറാടോപിയ എന്ന കുടുംബത്തില്‍ പെട്ടതാണിവ.

ട്രൈസെറാടോപ്‌സ് ദിനോസറുകള്‍ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിനു ശേഷം ഉള്ള അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ജീവിത കാലം 68 മുതല്‍ 65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണൊണ് പൊതുവായ നിര്‍ണയം.

ട്രൈസെറാടോപ്‌സുകള്‍ക്ക് ഏകദേശം 7.9 - 9.0 മീറ്റര്‍ (26-29.5 അടി) നീളവും 2.9 - 3.0 മീറ്റര്‍ (9.5 - 9.8 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.ഏകദേശം 6.1 - 12 മെട്രിക് ടണ്‍ വരെ ശരീരഭാരവുമുണ്ടായിരുന്നു.ദിനോസര്‍ ലോകത്തില്‍ ഇതിലും വലിയ ഇനങ്ങള്‍ ഉണ്ടായിരുന്നതായാണ് വിദഗ്ധരുടെ നിഗമനം. പക്ഷേ, വലിപ്പം നിര്‍ണ്ണയിക്കാന്‍ മതിയായ ഫോസിലുകള്‍ കണ്ടെത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.