ഫ്രാൻസിലെ തീവ്രവാദ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിലെ തീവ്രവാദ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഫ്രാൻസിലെ നീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന കത്തോലിക്കാ ബസിലിക്കയ്‌ക്കെതിരായ ആക്രമണത്തെത്തുടർന്ന് ഫ്രാൻസിലെ സഭയ്ക്ക് തന്റെ സാമീപ്യം ഉറപ്പുനൽകാൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വഴി ഫ്രാൻസിസ് മാർപാപ്പ സന്ദേശം അയച്ചു. ഈ വ്യാഴാഴ്ച ബസിലിക്ക ഓഫ് നോട്രെഡാമിൽ നടന്ന മൂന്ന് പേരുടെ ദാരുണമായ കൊലപാതകത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം പ്രകടിപ്പിക്കുകയും ഫ്രാൻസിലെ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി അറിയിക്കുകയും ചെയ്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വഴി നീസ് ബിഷപ്പ് ആൻഡ്രെ മാർസിയോയെ അഭിസംബോധന ചെയ്താണ് പാപ്പ തന്റെ സന്ദേശമയച്ചത്. ഈ ആക്രമണത്തിന്റെ ദുരിതമനുഭവിക്കുന്ന നിരപരാധികളായ കുടുംബങ്ങൾക്കൊപ്പം അവരുടെ പ്രാർത്ഥനയിൽ പങ്കുചേരുന്നതായി അറിയിച്ച പാപ്പ അവർക്ക് കർത്താവിന്റെ ആശ്വാസവും ഇരയാക്കപ്പെട്ടവർക്കു ദൈവിക കാരുണ്യവും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതായി പറഞ്ഞു. ഇത്തരം അക്രമപ്രവർത്തനങ്ങളെ ഏറ്റവും ശക്തമായ രീതിയിൽ അപലപിച്ച അദ്ദേഹം, ഫ്രാൻസിലെ കത്തോലിക്കാ സമൂഹത്തിനും എല്ലാ ഫ്രഞ്ച് ജനതയ്ക്കും തൻ്റെ സാമീപ്യം ഉറപ്പു നൽകുന്നതോടൊപ്പം ഐക്യത്തിനായും ആഹ്വാനം ചെയ്തു.

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി ഫ്രാൻസിനെ പൂർണമായി സമർപ്പിക്കുകയും ദുരന്തം ബാധിച്ച എല്ലാവർക്കും  അപ്പസ്തോലിക അനുഗ്രഹവും നൽകുകയും ചെയ്തു. അതേസമയം, ക്രൂരമായ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമായി പാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും ജനങ്ങൾ ഐക്യത്തോടെ തിന്മക്കെതിരെ നന്മകൊണ്ട് പ്രതികരിക്കണമെന്നും ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മത്തയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. "ഇത് വേദനാജനകമായ ഒരു നിമിഷമാണ്. തീവ്രവാദവും അക്രമണവും ഒരിക്കലും അംഗീകരിക്കാനാകില്ല. സ്നേഹത്തിൻറെയും ആശ്വാസത്തിന്റെയും ഇടമായ കർത്താവിന്റെ ഭവനത്തിലാണ് ഇന്നത്തെ ആക്രമണം മരണം വിതച്ചത്. ആക്രമണങ്ങളെല്ലാം അവസാനിക്കുവാനും ഫ്രാൻസിലെ പ്രിയപ്പെട്ട ആളുകൾ ഐക്യത്തോടെ തിന്മയ്‌ക്കെതിരെ നന്മകൊണ്ട് പ്രതികരിക്കുവാനും, അതുവഴി പരസ്പരം ശത്രുക്കളായല്ല, സഹോദരങ്ങളായി നോക്കിക്കാണുവാനുംവേണ്ടി ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി മാർപാപ്പ പ്രാർത്ഥിക്കുന്നു" എന്നും സന്ദേശത്തിൽ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.