സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ‘ഫിറ്റ്‌നസ്’ ഇല്ലാതെ 3000 സ്‌കൂളുകൾ

സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം; ‘ഫിറ്റ്‌നസ്’ ഇല്ലാതെ 3000 സ്‌കൂളുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നവംബർ ഒന്നിന് തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ ഫിറ്റ്‌നസില്ലാത്ത 3000ത്തോളം സ്കൂളുകളാണുള്ളത്. ആസ്ബസ്റ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾകൊണ്ടുള്ള മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് ഫിറ്റ്നസിന്റെ കാര്യത്തിൽ സ്കൂൾ കെട്ടിടങ്ങൾക്ക് പൂട്ടുവീഴുന്നത്.

ക്ഷമതാ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്കൂളിൽ ഭാവിയിൽ അപകടമുണ്ടായാൽ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും. നിശ്ചിത സമയത്തിനകം ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കിൽ അധ്യാപകരുടെ ശമ്പളം മാറിക്കിട്ടാനടക്കം തടസവും നേരിടും.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഈ മാസം 16-നുമുമ്പ് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ചില തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്.

എന്നാൽ മൂവായിരത്തോളം സ്കൂളുകൾക്ക് ഇനിയും ക്ഷമതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ഹയർസെക്കൻഡറി തലംവരെ 15,892 സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങളാണുള്ളതെന്നും അസോസിയേഷൻ പറയുന്നു.

അതേസമയം ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ മേൽക്കൂരയിലെ ഷീറ്റ് മാറ്റണമെന്ന പ്രശ്നം തദ്ദേശ വകുപ്പുമായി ചർച്ചചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. അടുത്തദിവസംതന്നെ ഇക്കാര്യത്തിൽ വകുപ്പുതല ചർച്ചയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവും പറഞ്ഞു.

ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് പല സ്കൂളുകളും ആസ്ബസ്റ്റോസ് ഷീറ്റുകൾ നേരത്തേ മാറ്റിയിരുന്നു. ടിൻ, അലുമിനിയം ഷീറ്റുകൾ മാറ്റണമെന്ന് ബാലാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തദ്ദേശസ്ഥാപനങ്ങൾ മേൽക്കൂര മാറ്റണമെന്ന് നിർബന്ധം പിടിക്കുന്നത്. ഇളവ് അനുവദിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് മാനേജ്‌മെന്റുകളും പ്രധാനാധ്യാപകരും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.