കൊച്ചി: വിദേശത്തു നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് രജിസ്ട്രേഷന്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദേശത്ത് മെഡിക്കല്‍ ബിരുദം നേടി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി പ്രാക്ടീസിനു യോഗ്യത നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനു രജിസ്ട്രേഷന്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള യോഗ്യതയുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നല്‍കാന്‍ വീണ്ടും ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ ഉത്തരവിട്ടു.
ദുബായിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടിയ തിരുവനന്തപുരം സ്വദേശിനി സാദിയ സിയാദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സാദിയ ദുബായില്‍ മെഡിക്കല്‍ ബിരുദം നേടിയശേഷം അവിടത്തെ ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുള്ള ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ പ്രാക്ടീസ് ചെയ്യാനുള്ള രജിസ്ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഇവിടെ ഇന്റേണ്‍ഷിപ്പ് ചെയ്യണമെന്ന് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് സാദിയ ഹൈക്കോടതിയെ സമീപിച്ചത്.
ചികിത്സാരീതികള്‍, ഭാഷ, സംസ്‌കാരം എന്നിവയില്‍ വ്യത്യാസമുണ്ടെന്ന് വിലയിരുത്തിയാണ് രജിസ്ട്രേഷന് വീണ്ടും ഇന്റേണ്‍ഷിപ്പ് ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചതെന്ന് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരി ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ വേണ്ട സ്‌ക്രീനിംഗ് ടെസ്റ്റ് പാസായതാണെന്നും രജിസ്ട്രേഷനു വേണ്ട നിയമ പ്രകാരമുള്ള യോഗ്യതകളെല്ലാമുണ്ടെന്നും വിലയിരുത്തിയ ഹൈക്കോടതി ഹര്‍ജിക്കാരിക്ക് രണ്ടു മാസത്തിനകം രജിസ്ട്രേഷന്‍ നല്‍കാനും നിര്‍ദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.