ടോക്യോ: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ എതിര്‍പ്പുകളെ അതിജീവിച്ച് ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും വിവാഹിതരായി. ജപ്പാനിലെ നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 30 വയസുകാരിയായ മാകോ.
അകിഹിതോ ചക്രവര്‍ത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവര്‍ത്തിയുടെ അനന്തരവളുമായ മാകോയ്ക്ക് വിവാഹത്തോടെ രാജപദവിയും അധികാരങ്ങളും നഷ്ടമായി. ചൊവ്വാഴ്ചയായിരുന്നു വിവാഹം.
ജപ്പാനില്‍, രാജകുടുംബത്തിലെ വനിതകള്‍ സാധാരണക്കാരെ വിവാഹം കഴിച്ചാല്‍ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. അതിനാല്‍ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാല്‍, പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമല്ല.
ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ഇംപീരിയല്‍ ഹൗസ്ഹോള്‍ഡ് ഏജന്‍സിയുടെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ പ്രാദേശികതലത്തിലുള്ള ഒരു ഓഫീസില്‍ വെച്ച് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന പരമ്പരാഗത ചടങ്ങുകളൊന്നും മാകോ രാജകുമാരിയുടെ കല്യാണത്തിനുണ്ടായിരുന്നില്ല. വിവാഹവിരുന്നും നടന്നില്ല.
പേസ്റ്റല്‍ വസ്ത്രവും പേളിന്റെ ആഭരണങ്ങളും ധരിച്ച മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നില്‍നിന്ന് യാത്ര പറയുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.
നിയമമേഖലയുമായി ബന്ധപ്പെട്ട് യു.എസില്‍ ജോലി ചെയ്യുകയാണ് കൊമുറോ. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലെ സഹപാഠികളായിരുന്നു ഇരുവരും.
സാധാരണക്കാരനായ കൊമുറോയുമായുള്ള മാകോയുടെ പ്രണയം രാജകുടുംബത്തില്‍ വലിയ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. എന്നാല്‍, കൊമുറോയുമൊത്ത് ജീവിക്കണമെന്ന് മാകോ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. 2017-ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
കൊമുറോയുടെ അമ്മയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വിവാഹം നടത്തുന്നത് നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിയമപഠനത്തിനായി കൊമുറോ 2018-ല്‍ ന്യൂയോര്‍ക്കിലെത്തി. അവിടെനിന്ന് സെപ്റ്റംബറിലാണ് അദ്ദേഹം ജപ്പാനില്‍ തിരികെയെത്തിയത്.
രാജകുമാരിയുടെ പ്രണയകഥയ്ക്ക് വര്‍ഷങ്ങളായി പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യം കൊട്ടാരത്തിലും വലിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ രാജകുമാരിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു. ഇതെല്ലാം അതിജീവിച്ചാണ് മാകോ വിവാഹിതയായത്.
രാജകുടുംബത്തില്‍നിന്ന് വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് സാധാരണയായി രാജകുടുംബം നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലം മാകോ നിരസിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.