മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി. ഡാമിന്റെ കാലപ്പഴക്കവും സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ചാണ് മേല്‍നോട്ട സമിതിയുടെ തീരുമാനം.

ഇടുക്കി ജലസംഭരണിയുടെ 90 ശതമാനവും നിറഞ്ഞെന്നും മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളം ഉള്‍ക്കൊള്ളാനാവില്ലെന്നും മേല്‍നോട്ട സമിതി വിലയിരുത്തി.  സമിതിയുടെ തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

അതേസമയം, രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയാണ്. സെക്കന്‍ഡില്‍ 2300 ഘനയടി ജലമാണ് വൃഷ്ടിപ്രദേശത്ത് നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കന്‍ഡില്‍ 2300 ഘനയടി ജലമാണ് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്.

മുല്ലപ്പരിയാര്‍ അണക്കെട്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ സുപ്രീം കോടതി മേല്‍നോട്ട സമിതിയോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ചൊവ്വാഴ്ച മേല്‍നോട്ട സമിതി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് താഴെ നിര്‍ത്തണമെന്നാണ് കേരളം മേല്‍നോട്ട സമിതി യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 138 അടിക്ക് മുകളിലേക്ക് ഉയര്‍ത്താതെ ജലനിരപ്പ് ക്രമീകരിക്കണമെന്നാണ് തമിഴ്‌നാട് വാദിച്ചത്. ജലനിരപ്പ് സംബന്ധിച്ച് കേരള, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് ജസ്റ്റിസ് എം.എം. ഖന്‍വീല്‍കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യണം. കൃത്യസമയത്ത് ചര്‍ച്ച നടക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാനെത്തിയ തന്നെ തടഞ്ഞതില്‍ അവകാശ ലംഘനം ഉന്നയിച്ച് ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഡീന്‍ എം.പി കുര്യാക്കോസ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആശങ്കക്കിടയാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.