തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലെ എല്ലാവരും രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനായുള്ള ചര്‍ച്ചക്ക് മുന്‍കൈ എടുക്കുമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം ചെറിയാന്‍ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തില്‍ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. എകെ ആന്റണിയുമായി സംസാരിച്ച ചെറിയാന്‍ ഫിലിപ്പ് ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയ്യാറാണെന്നാണ് അറിയിച്ചതെന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തില്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കും.
'കോണ്‍ഗ്രസിലേക്ക് ഇനിയും ഒരുപാട് പേര്‍ വരും. കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് വരും എന്നും സതീശന്‍ പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന് എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസിലേക്ക് വരാമെന്ന് കെ. സുധാകരന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. സുധാകരന്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയാലുടന്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സി.പി.എമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് പാഠമാണ് ചെറിയാന്‍ ഫിലിപ്പെന്നും അദ്ദേത്തെ നേരത്തെ തന്നെ സ്വാഗതം ചെയ്തതാണെന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് പോകുന്ന കാര്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് ചെറിയാൻ ഫിലിപ്പിന് പ്രതികരണം. 'കോൺഗ്രസിൽ നിന്ന് നേതാക്കൾ തുടർച്ചയായി ക്ഷണിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്ഷണിച്ചതായി അറിയുന്നു. ഔദ്യോഗികമായി ക്ഷണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യാതെ എനിക്ക് ഒന്നും പറയാൻ കഴിയില്ല. കോൺഗ്രസ് നേതാക്കൾ ക്ഷണിച്ചാൽ അവരുമായി ചർച്ച നടത്താൻ തയാറാകും. ഞാനിപ്പോഴും ഇടതുപക്ഷത്താണ്. ഇടതുപക്ഷത്തു നിന്ന് പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ വിളിച്ചാൽ അവരുമായും ചർച്ച ചെയ്യാന്‍ തയാറാണ്. ആരുമായും ചർച്ച ചെയ്യാൻ തയാറാണ്. അതിനുശേഷമേ തീരുമാനമെടുക്കൂ' എന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.