ദേശീയ പാതകളിലെ കുഴികൾക്ക് ശാശ്വത പരിഹാരം തേടി ഗഡ്കരിയെ കണ്ട് മുഹമ്മദ് റിയാസ്

ദേശീയ പാതകളിലെ കുഴികൾക്ക് ശാശ്വത പരിഹാരം തേടി ഗഡ്കരിയെ കണ്ട്  മുഹമ്മദ് റിയാസ്

ന്യൂഡൽഹി: കേരളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പുതിയ സാധ്യതകളെ കുറിച്ചും കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ സാധ്യതകളെക്കുറിച്ച് നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത് സംസ്ഥാനത്തെ ദേശീയപാതകളിൽ 240 കിലോമീറ്റർ മാത്രമാണ്. ഭൂരിപക്ഷവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. 1233 കിലോമീറ്റർ കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ദേശീയ പാത ആറ് വരിയാക്കാൻ വേണ്ടി കൈമാറ്റം ചെയ്തതിന് ശേഷം റോഡുകളിൽ ഒരുപാട് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
എന്നാൽ കേന്ദ്ര സർക്കാരിന് കൈമാറുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കുഴികൾ അടക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. കൈമാറിയതിന് ശേഷം കുഴികൾ അടക്കണമെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം എൻഎച്ച്ഐയുടെ കൃത്യമായ അനുവാദവും ഫണ്ടും വേണം. അത് ഒരുപാട് സമയമെടുക്കും. ഇക്കാര്യം കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചതായും മന്ത്രി പറഞ്ഞു.

ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണ്ടതുണ്ട്. ഇതിനായി കിലോമീറ്ററിന് ഒരു നിശ്ചിത തുക കണക്കാക്കി സംസ്ഥാനത്തെ എൻഎച്ച്എഐയ്ക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റ പണിക്ക് വകയിരുത്തണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുമെന്ന് ഉദ്യോഗസ്ഥരോട് അപ്പോൾ തന്നെ നിർദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റോഡിന്റെ അറ്റകുറ്റ പണി ഏറ്റെടുത്ത കരാറുകാരനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാമെന്നും നേരത്തെ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.