പെര്‍ത്ത്: ക്രിസ്മസിനോടനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ നിലപാടു കടുപ്പിച്ച് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍. അയല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന ഉറച്ച നിലപാടിലാണ് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍.
നവംബര്‍ 23 മുതല്‍ ഇരട്ട ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് അയല്‍ സംസ്ഥാനമായ സൗത്ത് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്വീന്‍സ്ലന്‍ഡും ടാസ്മാനിയയും ക്രിസ്മസിന് മുന്‍പായി അതിര്‍ത്തികള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ്.
സൗത്ത് ഓസ്ട്രേലിയയിലെ കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു മാര്‍ക്ക് മക്‌ഗോവന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള പരിപാടികള്‍ പുരോഗമിക്കുകയാണ്. അതിര്‍ത്തികള്‍ തുറക്കുന്നതിനു മുന്‍പ് ക്രിസ്മസ് കാലയളവ് കോവിഡ് ഭീതിയില്ലാതെ ആഘോഷിക്കാനാണ് തീരുമാനം.
മുതിര്‍ന്നവരില്‍ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞത് 80 ശതമാനമാകുന്നതുവരെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ തുറക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് ഭിന്നാഭിപ്രായമാണുളളത്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതി സര്‍ക്കാര്‍ രൂപപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് മിയ ഡേവിസ് ആവശ്യപ്പെട്ടു.
അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച് ഒരു പദ്ധതിയും ഇല്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് അതിര്‍ത്തികള്‍ തുറക്കാന്‍ കഴിയുമെങ്കില്‍, പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അതിനു സാധിക്കും. അതിനുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്-മിയ ഡേവിസ് പറഞ്ഞു.
ക്രിസ്മസ് സീസണില്‍ സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്‌ഗൊവന്‍ പറഞ്ഞു.
ക്രിസ്മസിന് കുടുംബാംഗങ്ങളെ കാണാനും വിനോദയാത്രയ്ക്കും പോകുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനും കഫേകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വീടിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളും ഒഴിവാക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ വിക്ടോറിയയിലേക്കും ന്യൂ സൗത്ത് വെയില്‍സിലേക്കും പോകാനാകുമെന്നു തല്‍ക്കാലം പ്രതീക്ഷിക്കാം.
എല്ലാവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ ക്രിസ്മസ് ആഘോഷിക്കാന്‍ നിലവിലെ ക്രമീകരണം തുടരണമെന്നാണ് വ്യവസായ മേഖലയിലുള്ളവരും ആവശ്യപ്പെടുന്നതെന്ന് മക്‌ഗൊവന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26