മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തം; പുതിയ അണക്കെട്ട് പണിയണം: സുപ്രീം കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തം; പുതിയ അണക്കെട്ട് പണിയണം: സുപ്രീം കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയെ ബോധിപ്പിച്ചു.

അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെട്ടു. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്.

ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാന്‍ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതല്‍ ജലം കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുന്നത് സ്ഥിതി സങ്കീര്‍ണമാക്കും എന്നും കേരളം വ്യക്തമാക്കി. അതിനാല്‍ പരമാവധി ജലം തമിഴ്നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം.

കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് ആണ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചത്. ഇത് കേരളത്തിന് സ്വീകാര്യമല്ല.

തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബര്‍ 31 വരെ 138 അടിയാകാം. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബര്‍ 30 ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാല്‍ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ല എന്ന നിലപാടിലാണ് കേരളം.

ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയാകാം എന്നാണ് കേരളത്തിന്റെ നിലപാട്. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 138.3 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 139.6 അടിയും, നവംബര്‍ 30ലെ പരമാവധി ജലനിരപ്പ് 140 അടിയുമാണ് കേരളത്തിന്റെ റൂള്‍ കര്‍വ് വ്യക്തമാക്കുന്നത്.

ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

എന്നാല്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജന കുറിപ്പും സുപ്രീം കോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്.

2012 ല്‍ വിദഗ്ധ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്നും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് നാളെ രാവിലെ ഏഴിന് ജലനിരപ്പ് 138.05 അടിയെത്തിയതോടെ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

ഡാം തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ കേരളം സ്വീകരിച്ചിട്ടുണ്ട്. ഒരുതരത്തിലും ആശങ്കവേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പെരിയാര്‍ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. റവന്യു, പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

ക്യാംപുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജമാണ്. എത്ര ജലം ഒഴുക്കുമെന്ന് അറിയുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടങ്ങും. ഇന്ന് വൈകിട്ട് മുല്ലപ്പെരിയാറില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാവും.

ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ജാഗ്രത വേണമെന്നും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. വള്ളക്കടവ് മുതല്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. 883 കുടുംബങ്ങളെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുകയാണ്. വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങള്‍ നീക്കുമെന്നും മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.