അറിവും ജ്ഞാനവും

അറിവും ജ്ഞാനവും

നാം കേട്ടിട്ടുണ്ട് അറിവ് ശക്തിയാണെന്ന്. യഥാർത്ഥത്തിൽ അറിവ് ശക്തിയാണോ? അറിവും ജ്ഞാനവും ഒന്നാണോ? ഇവ തമ്മിലുള്ള അന്തരമെന്താണ്? ഒരു വീക്ഷണം.

ഒരിക്കൽ ഒരു പ്രശസ്തനായ ഹൃദ്രോഗവിദഗ്ദ്ധനു രാത്രി വൈകി തൻ്റെ ആശുപത്രിയിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ഡോക്ടർ എത്രയും വേഗം ഹോസ്പിറ്റലിൽ വരണം; ഏകദേശം 32 വയസ്സിനടുത്തു പ്രായമുള്ള ഒരു യുവാവിനെകൊണ്ടു ഭാര്യ ആശുപത്രിയിലെത്തി. അദ്ദേഹം നേരത്തെതന്നെ മരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഭാര്യ വാസ്തവം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അവർ അലമുറയിട്ടു കരഞ്ഞു പ്രശ്നസങ്കീർണ്ണമായ അന്തരീക്ഷം അവിടെ സൃഷ്ടിച്ചിരുന്നു. ഹോസ്പിറ്റൽ സ്റ്റാഫിനു ആ സ്ത്രീയെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയായി. കുറച്ചു നേരത്തിനു ശേഷം ഡോക്ടർ അവിടെയെത്തി. അദ്ദേഹത്തിൻ്റെ ഭാര്യ നിറമിഴികളോടെ ആ ഡോക്ടറുടെ കൈകളിൽ അമർത്തിപ്പിടിച്ചു ചോദിച്ചു, എന്തുകൊണ്ടാണ് എൻ്റെ ഭർത്താവ് മരിച്ചത്? എങ്ങനെയാണു തൻ്റെ ഭർത്താവ് മരിച്ചത് എന്നല്ല അവർ ചോദിച്ചത്; എന്തുകൊണ്ടാണു തൻ്റെ ഭർത്താവ് മരിച്ചത് എന്നാണു ചോദിച്ചത്. ആ ഹൃദ്രോഗവിദഗ്ദൻ ഒരു നിമിഷം നിശ്ചലനായി നിന്നു. എങ്ങനെ എന്നായിരുന്നു ചോദ്യമെങ്കിൽ ഡോക്ടിനു താൻ പഠിച്ചതും ആർജ്ജിച്ചതുമായ അറിവുപയോഗിച്ച് ഉത്തരം കൃത്യമായി കൊടുക്കാമായിരുന്നു. എന്നാൽ ചോദ്യം മറിച്ചായിരുന്നു. എന്തുകൊണ്ട്???

കാരണം അദ്ദേഹത്തിനു 32 വയസ്സ് മാത്രമാണു പ്രായം, മധ്യവയസ്ക്കനാണ്. പൂർണ്ണ ആരോഗ്യവാനാണ്. ദിവസവും പരിശീലിക്കുകയും ചിട്ടയായി ജീവിക്കുകയും ചെയ്യുന്നു. ക്രമമായ മെഡിക്കൽ ചെക്കപ്പ് ചെയ്യാറുണ്ട്. അങ്ങനെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാത്ത പൂർണ്ണ ആരോഗ്യവാനായ വ്യക്തി. എന്നിട്ടും എന്തുകൊണ്ട്? ചോദ്യത്തിൻ്റെ പ്രസക്തി അവിടെയാണ്.
വൈദ്യശാസ്ത്രത്തിൻ്റെ അറിവുകളും തത്വങ്ങളും നിരത്തി നോക്കുമ്പോൾ ആ വ്യക്തി മരിക്കേണ്ടതല്ല. ആ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനെ ആഴത്തിൽ ചിന്തിപ്പിച്ച ചോദ്യമായിരുന്നു അത്. അദ്ദേഹത്തിൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച നിമിഷം. അത് അവിടെ നിൽക്കട്ടെ...

അറിവ്:
എന്താണ് അറിവ്? അറിവിനു വ്യക്തമായ നിർവ്വചനം നൽകുക സങ്കീർണ്ണമാണ്. ഒരു വ്യക്തിക്കു ലഭിക്കുന്ന, അല്ലെങ്കിൽ ആർജ്ജിക്കുന്ന വസ്തുതകളേയും ആശയങ്ങളേയും അറിവായി കണക്കാക്കാം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ പഠനങ്ങളിലൂടേയും ഗവേഷണങ്ങളിലൂടേയും അന്വേഷണത്തിലൂടേയും നിരീക്ഷണത്തിലൂടേയും അനുഭവത്തിലൂടേയും നേടിയെടുക്കുന്ന വിവരങ്ങളും ആശയങ്ങളുമാണു അറിവ് എന്നു വിലയിരുത്താം. അപ്പോൾ ശാസ്ത്രം അറിവിൻ്റെ ഭാഗമാണ്. അടുത്ത ചോദ്യമുയരുന്നു. എന്താണ് ശാസ്ത്രം?

ശാസ്ത്രം:
ശാസ്ത്രത്തേയും അത്ര എളുപ്പത്തിൽ നിർവ്വചിക്കാൻ സാധിക്കില്ല. മേരി ക്യൂറിയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. 1903 ൽ ഭൗതികശാസ്ത്രത്തിനും 1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം ലഭിച്ച വ്യക്തി. രണ്ടു ശാസ്ത്രത്തിനും നോബൽ സമ്മാനം കരസ്ഥമാക്കിയ ഒരേയൊരു വ്യക്തി. മേരി ക്യൂറിയുടെ നിർവ്വചനമനുസരിച്ച് ശാസ്ത്രമെന്നത് അളവുകളാണ്; അളക്കാൻ പറ്റുന്നതെല്ലാം ശാസ്ത്രമെന്നവർ പറഞ്ഞു വച്ചു. ശാസ്ത്രത്തിനു എല്ലാം അളക്കാൻ പറ്റുമോ? ഒരമ്മ തൻ്റെ മക്കളെ സ്നേഹിക്കുന്നു. എത്ര അഗാധമായ സ്നേഹബന്ധമാണത്. ആ സ്നേഹം എങ്ങനെ അളക്കാൻ സാധിക്കും??

മറ്റൊരു രീതിയിൽ വിലയിരുത്തിയാൽ ആദ്യഘട്ടത്തിൽ വിവരിച്ചതുപോലെ പഠനങ്ങളിലൂടേയും ഗവേഷണങ്ങളിലൂടേയും അന്വേഷണങ്ങളിലൂടേയും നിരീക്ഷണങ്ങളിലൂടേയും കണ്ടെത്തുന്ന തത്വങ്ങളും വീക്ഷണങ്ങളുമാണ് ശാസ്ത്രം. ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലമുണ്ടാകുന്നു (H2O) എന്നു പറയുന്നതുപോലെ വസ്തുനിഷ്ഠമായി നിർവ്വചിക്കാവുന്നതല്ല എല്ലാ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും. വളരെക്കാലം ഉയരത്തിൽ നിന്നും വീഴുന്ന വസ്തുക്കൾ ഭാരം കൂടിയവ വേഗത്തിലും ഭാരം കുറഞ്ഞവ വേഗത കുറഞ്ഞും വീഴും എന്നു വിശ്വസിച്ചിരുന്നു. പിന്നീടത് തെറ്റാണെന്നു കണ്ടെത്തി. വളരെക്കാലം ഒരു വസ്തുവിൻ്റെ ഏറ്റവും ചെറിയ ഘടകം മോളികൂൾ ആണെന്നു വിശ്വസിച്ചു. പിന്നീടത് ആറ്റമാണെന്നു കണ്ടെത്തി. പിന്നീട് ആറ്റം വിഭജിച്ചു ഊർജ്ജം ഉൽപ്പാദിപ്പിക്കാമെന്നു കണ്ടെത്തി. ആദ്യ കാലഘട്ടത്തിൽ പ്രകാശം കണികകളാണെന്നു ഐസക് ന്യൂട്ടൺ പറഞ്ഞുവച്ചു തൻ്റെ കണികാസിദ്ധാന്തത്തിലൂടെ. ഏകദേശം അതേ കാലയളവിൽ തന്നെ ഹ്യൂഗൻസ് (Huygens) മറ്റൊരു പഠനം നടത്തി പ്രകാശം ഒരു തരംഗമാണെന്നു കണ്ടെത്തി. പിന്നീട് മാക്‌സ്വെൽ (Maxwell) എന്ന സ്കോറ്റിഷ് ശാസ്ത്രജ്ജൻ പ്രകാശം വൈദ്യുത കാന്തിക തരംഗമാണെന്നു പറഞ്ഞുവച്ചു. 

പത്തൊൻമ്പതാം നൂറ്റാണ്ടിൽ ആൽബർട്ട് ഐൻസ്റ്റീൻ പ്രകാശത്തിൻ്റെ ദ്വൈത സ്വഭാവം കണ്ടെത്തി. പ്രകാശം കണികയും തരംഗവുമാണെന്നു സ്ഥാപിച്ചു. പ്രകാശത്തെ വൈദ്യുതകാന്തികവികിരണം അഥവാ ഫോട്ടോണായും അതിൻ്റെ ഒഴുക്കിനെ തരംഗമായും അദ്ദേഹം പഠിച്ചു. തൻ്റെ ഊർജ്ജകണവാദത്തിൽ അദ്ദേഹം ഇതു വ്യക്തമാക്കി. 1921 ൽ ഐൻസ്റ്റീനു നോബൽ സമ്മാനവും ലഭിച്ചു.
ഒരേ വിഷയത്തെ തന്നെ ഗവേഷകരും ശാസ്ത്രജ്ഞരും പലരീതിയിൽ വ്യാഖ്യാനിക്കുന്നു. കാലാവസ്ഥാശാസ്ത്രം, മനശാസ്ത്രം എന്നിവയിലെല്ലാം ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നു, നടന്നുകൊണ്ടേയിരിക്കുന്നു എങ്കിലും ഇന്നും കൃത്യത കുറഞ്ഞ ശാസ്ത്ര ശാഖകളാണു ഇവരണ്ടും.

പറഞ്ഞുവന്നത് വർഷങ്ങൾക്കു മുൻമ്പേ എഴുതിയ തത്വങ്ങളും സിദ്ധാന്തങ്ങളും പിൽക്കാലങ്ങളിൽ മാറ്റപ്പെടുന്നു; തെറ്റാണെന്നു തെളിയുന്നു. പിന്നീട് പുതിയ അറിവുകളുസരിച്ച് മനുഷ്യൻ മുന്നേറുന്നു. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തപ്പെട്ടുന്നു. ശരികളും തെറ്റുകളും തിരുത്തലുകളും ശാസ്ത്രത്തിൽ ഉണ്ടാകാറുണ്ട്. പൂന്താനം പാടിവച്ചത് പ്രസക്തമാണു ഇത്തരുണത്തിൽ " അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ". കുറച്ചുകൂടി വ്യക്തത വരുത്തേണ്ടതുണ്ട്... അപ്പോൾ എന്താണ് ശാസ്ത്രം??
യാഥാർത്ഥ്യത്തോടടുത്തുനിന്നു സംസാരിച്ചാൽ ശാസ്ത്രമെന്നത് ജിജ്ഞാസയാണ്; പ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ജിജ്ഞാസയാണത്. ( Science is simple curiosity; trying to understand the universe ). എങ്ങനെയാണു പ്രപഞ്ചം നിലനിൽക്കുന്നത്? എങ്ങനെയാണതു മുന്നോട്ടു പോകുന്നത്? പ്രപഞ്ചത്തെ മനസ്സിലാക്കിയെടുക്കുവാനുള്ള പരിശ്രമഫലത്തെ ശാസ്ത്രമെന്നു വിളിക്കാം.

മുൻപ് വിവരിച്ചതുപോലെ സ്നേഹം, കരുണ മറ്റു വികാരങ്ങൾ ഇവയെല്ലാം ശാസ്ത്രത്തിനധീതമാണ്. അശാസ്ത്രീയമെന്നു പറയാം.( unscientific ). ശാസ്ത്രത്തിനു എങ്ങനെ ( how ) എന്നതിനു ഉത്തരം കൊടുക്കാൻ സാധിക്കും. എന്നാൽ എന്തുകൊണ്ട് ( why ) എന്നതിനു കൃത്യമായ ഉത്തരം ബുദ്ധിമുട്ടാണ്. ഹൃദയമിടിപ്പ് എങ്ങനെയെന്നു വ്യക്തമാക്കാം, എന്തുകൊണ്ട് എന്നെങ്ങനെ വിവരിക്കും. ശാസ്ത്രീയ തത്വങ്ങളും അറിവുകളുമെല്ലാം മനുഷ്യൻ്റെ ഉയർച്ചക്കും നിലനിൽപ്പിനും അനിവാര്യമാണെന്നതു സത്യമാണ്. എന്നാൽ രണ്ടും അപൂർണ്ണമാണ് എന്ന യാഥാർത്ഥ്യം നാം കണ്ടുകഴിഞ്ഞു.

ജ്ഞാനം:
എന്താണ് ജ്ഞാനം?? മനുഷ്യൻ്റെ ചിന്തകൾക്കും ആശയങ്ങൾക്കും അപ്പുറത്തുള്ള വിശാലമായ വീക്ഷണമായി ജ്ഞാനത്തെ ചിത്രീകരിക്കാം. ലളിതമായി പറഞ്ഞാൽ ആർജ്ജിച്ച അറിവുകളെ പ്രായോഗികതലത്തിൽ കൃത്യമായ രീതിയിൽ അവലംബിക്കുന്നതിനെ ജ്ഞാനമായി കാണാം. അപൂർണ്ണമായ അറിവിനെ പൂർണ്ണതയിലേക്കു നയിക്കുന്നതിനെ ജ്ഞാനമായി വീക്ഷിക്കാം. അവിടെയാണു ദൈവീകചിന്തകൾ ഉടലെടുക്കുന്നത്. ജ്ഞാനത്തിനു വ്യക്തമായ അർത്ഥതലങ്ങൾ മതഗ്രന്ഥങ്ങൾ നമുക്കു കാട്ടി തരുന്നുണ്ട്. വി. ഗ്രന്ഥത്തിലും (ബൈബിൾ) ഖുറാനിലും ഉപനിഷത്തുകളിലും മനോഹരമായി ജ്ഞാനത്തെ വർണ്ണിക്കുന്നു. അറിവും അനുഭവവും ചേരുമ്പോൾ ജ്ഞാനത്തിൻ്റെ വഴികൾ തുറക്കുന്നു. ജ്ഞാനമെന്നതു വലിയ നിധിയാണ്. ജ്ഞാനം ഒരു വ്യക്തിയെ ഉൾക്കാഴ്ചയിലേക്കു നയിക്കുന്നു.
കുറച്ചുകൂടി വ്യക്തത വരുത്തിയാൽ ആർജ്ജിച്ച പക്വമായ അറിവും വിവേകും തിരിച്ചറിവും ഒന്നിക്കുന്ന അവസ്ഥയാണു ജ്ഞാനമെന്നു പറയുന്നത്.

അറിവിനേയും ജ്ഞാനത്തേയും ഒരു ബസ്സിലെ പെട്രോളിനോടും ഡ്രൈവറോടും ഉപമിക്കാം. തീർച്ചയായും ബസ്സ് മുന്നോട്ട് നീങ്ങുവാൻ പെട്രോൾ അനിവാര്യമാണ്, എന്നാൽ ബസ്സ് ഏതു ദിശയിലേക്കു പോകണമെന്നതു ഡ്രൈവറാണു നിശ്ചയിക്കുന്നത്. ഇവിടെ ബസ്സിനെ മനുഷ്യനായും പെട്രോളിനെ അറിവായും ഡ്രൈവനെ ജ്ഞാനമായും നമുക്ക് അനുമാനിക്കാം. തീർച്ചയായും നമുക്കു അഥവാ നമ്മുടെകൂടെയുള്ളവർക്കു മുന്നേറാൻ അറിവ് ആവശ്യമാണ്. എന്നാൽ നാം അഥവാ നമ്മോടൊത്തുള്ളവർ ഏതു ദിശയിൽ നയിക്കപ്പെടണമെന്നതു തീരുമാനിക്കുന്നതു നമുക്കുള്ളിലെ ജ്ഞാനമാണ്. ഒരു വിഷയത്തേയോ ആശയത്തേയോ സംബന്ധിച്ച് എന്ത് പറയണമെന്നതു അറിവ് നൽകുന്നു. എപ്പോൾ പറയണമെന്നതു ജ്ഞാനം നൽകുന്നു. പച്ചയ്ക്കു പറഞ്ഞാൽ ഫ്രൂട്ട് സാലഡ് തത്വം പോലെയാണത്. തക്കാളി ഒരു ഫലമാണെന്നറിയുന്നതു അറിവ്. അത് ഫ്രൂട്ട് സാലഡിൽ ചേർക്കാനുള്ളതല്ല എന്ന ബോധ്യം ജ്ഞാനം.

അതായത് അറിവും ജ്ഞാനവും ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. അറിവുമാത്രം ആർജ്ജിക്കുന്ന വ്യക്തി നിഗളിയാവുന്നു. എന്നാൽ ജ്ഞാനമോ മനുഷ്യനെ പ്രകാശത്തിലേക്കും പക്വതയിലേക്കും നയിക്കുന്നു. പക്വമായ അറിവ് തിരിച്ചറിവിലേക്കും വിവേകത്തിലേക്കും വഴികാട്ടുന്നു. ഒരു കാര്യം എന്തിനുവേണ്ടി ചെയ്യുന്നു എന്നു മനസ്സിലാക്കി ചെയ്യുമ്പോൾ അതിനു തനിമയും പൂർണ്ണതയും കൈവരുന്നു.ഇതിനെയാണു തിരിച്ചറിവെന്നു പറയുന്നത്. ചെയ്യുന്ന കാര്യങ്ങളുടെ ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ്, അവശ്യമുള്ളതു നൽകാൻ കഴിയുന്നതിനെയാണു വിവേകമെന്നു പറയുന്നത്.

അറിവ് + തിരിച്ചറിവ് + വിവേകം = ജ്ഞാനം
ജ്ഞാനം = ദൈവത്തിൻ്റെ സമ്മാനം
Wisdom = Gift of God

ഞാൻ ഒന്നുമല്ല; ഒന്നും അറിയില്ല ( Ignoramus ) എന്ന ആഴത്തിലുള്ള അവബോധവും ബോധ്യവുമാണ് ജ്ഞാനത്തിൻ്റെ ഉറവിടം.

ഉപസംഹാരം: അറിവല്ല ശക്തി; ജ്ഞാനമാണ് ശക്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.