2 ജി: മന്‍മോഹന്‍ സിങിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പു പറഞ്ഞ് മുന്‍ സിഎജി വിനോദ് റായ്

2 ജി: മന്‍മോഹന്‍ സിങിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പു പറഞ്ഞ് മുന്‍ സിഎജി വിനോദ് റായ്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോട് മാപ്പ് പറഞ്ഞ് മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) വിനോദ് റായ്. 2 ജി സ്പെക്ട്രം കേസ് സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വിനോദ് റായിയുടെ മാപ്പു പറച്ചില്‍.

2 ജി സ്പെക്ട്രം കേസില്‍ സംസ്ഥാന ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ഉള്‍പ്പടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വിനോദ് റായിയുടെ വെളിപ്പെടുത്തലിനെതിരെയാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഒരു ടിവി ചാനലിനും പത്രങ്ങള്‍ക്കും മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തില്‍ നിരുപമിനെതിരെ നടത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിനോദ് റായ് സമ്മതിച്ചു.

''പിഎസി (പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) യോഗങ്ങളിലോ ജെപിസിയുടെ (ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി) യോഗങ്ങളിലോ 2 ജി സ്‌പെക്ട്രം വിഹിതം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലോ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ പേര് പുറത്തുവിടാതിരിക്കാന്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കിയ എംപിമാരില്‍ ഒരാളായി സഞ്ജയ് നിരുപമിന്റെ പേര് ഞാന്‍ അശ്രദ്ധമായി ചില ഇന്റര്‍വ്യൂകളില്‍ പരാമര്‍ശിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കി' എന്നാണ് വിനോദ് റായ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

'എന്റെ പ്രസ്താവനകള്‍ നിരുപമിനും കുടുംബത്തിനും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ക്കും ഉണ്ടാക്കിയ വേദനയും വിഷമവും ഞാന്‍ മനസിലാക്കുന്നു. അതിനാല്‍, ഞാന്‍ കാരണം ഉണ്ടായ മുറിവുകള്‍ക്ക് നിരുപാധികം മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നും വിനോദ് റായ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സഞ്ജയ് നിരുപം ട്വിറ്ററിലും പങ്കുവെച്ചു. ഒടുവില്‍ ഞാന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ സിഎജി വിനോദ് റായ് എന്നോട് നിരുപാധികം മാപ്പ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് സഞ്ജയ് നിരുപം തന്റെ ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

2015 ല്‍ മാനനഷ്ടക്കേസ് നല്‍കിയതിന് ശേഷം വിനോദ് റായ് തന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചതായി സഞ്ജയ് നിരുപം പറഞ്ഞു. എന്നാല്‍ വിനോദ് റായ് നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യത്തില്‍ താന്‍ ഉറച്ചുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.