പുരുഷ സുഹൃത്തിനായി അധികാര ദുര്‍വിനിയോഗം; ഓസ്‌ട്രേലിയന്‍ മുന്‍ പ്രീമിയര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍

പുരുഷ സുഹൃത്തിനായി അധികാര ദുര്‍വിനിയോഗം; ഓസ്‌ട്രേലിയന്‍  മുന്‍ പ്രീമിയര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍

സിഡ്‌നി: രാഷ്ട്രീയ രംഗത്തെ അഴിമതി ഓസ്‌ട്രേലിയയാകെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സ് മുന്‍ പ്രീമിയറും പുരുഷ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം അധികാര ദുര്‍വിനിയോഗത്തിന് ഉപയോഗിച്ചതാണ് വന്‍ വിവാദം അഴിച്ചുവിട്ടിരിക്കുന്നത്. വാഗ വാഗ മുന്‍ എംപിയായ ഡാരില്‍ മഗ്വിയറിനു വേണ്ടി പദ്ധതികള്‍ അനധികൃതമായി അനുവദിക്കുന്നതടക്കം ഗ്ലാഡിസ് ബെറജക്ലിയന്‍ തന്റെ പ്രമീയര്‍ സ്ഥാനം ദുരുപയോഗം ചെയ്തതായി വ്യക്തമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ വന്‍ തോതില്‍ പണം എറിഞ്ഞു കളിക്കുമെന്ന് പറയുന്ന മുന്‍ പ്രീമിയറുടെ ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തായത്. അഴിമതിക്കെതിരേ അന്വേഷണം നടത്തുന്ന സ്വതന്ത്ര കമ്മിഷന്‍ കോടതിയില്‍ ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളിലാണ് മുന്‍ പ്രീമിയര്‍ ഗ്ലാഡിസ് ബെറജക്ലിയന്റെ ഈ പരാമര്‍ശമുള്ളത്. പുരുഷ സുഹൃത്തും വാഗ വാഗ മുന്‍ എംപിയുമായ ഡാരില്‍ മഗ്വിയറുമായി 2018-ല്‍ ഗ്ലാഡിസ് നടത്തിയ സ്വകാര്യ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് പുറത്തായത്.

വാഗ വാഗ മണ്ഡലത്തില്‍ ലിബറല്‍ പാര്‍ട്ടിക്ക് സീറ്റ് നിലനിര്‍ത്താന്‍ പണം വാരിയെറിയുമെന്നു വാഗ്ദാനം ചെയ്യുന്നത് അടക്കമുള്ള ഉള്ളടക്കമാണ് സംഭാഷണത്തിലുള്ളത്. എതൊക്കെ പദ്ധതികള്‍ക്ക് പണം അനുവദിക്കണം എന്നതിനെക്കുറിച്ച് ഡാരിലിനോട് മുന്‍ പ്രീമിയര്‍ ഉപദേശവും ചോദിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

അഴിമതിക്കെതിരേയുള്ള സ്വതന്ത്ര കമ്മിഷനാണ് (ഐസിഎസി) ഡാരില്‍ മഗ്വെയറിനും ഗ്ലാഡിസ് ബെറജക്ലിയനും എതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. മണ്ഡലത്തില്‍ അനുവദിച്ച ഗ്രാന്റുകളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളറിന്റെ അഴിമതിയാണ് പരിശോധിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്തിടെ ഗ്ലാഡിസിന് പ്രീമിയര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

അഴിമതി ആരോപണങ്ങള്‍ ഗ്ലാഡിസ് ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ മുന്‍ എം.പിയുമായുള്ള അടുപ്പം പുറത്തുവന്നതോടെയാണ് മുന്‍ പ്രീമിയറുടെ നിലനില്‍പ്പ് പരുങ്ങലിലായത്. അഴിമതിക്കെതിരെ പ്രീമിയര്‍ അന്ന് കണ്ണടച്ചതായുള്ള ആരോപണങ്ങളും ഇവര്‍ നേരിടുന്നുണ്ട്. തന്റെ പാര്‍ലമെന്ററി പദവി ദുരുപയോഗം ചെയ്തതായി മഗ്വെയര്‍ കമ്മിഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കമ്മിഷനു മുന്‍പാകെ മുന്‍ പ്രീമിയര്‍ ഇന്നു രാവിലെ ഹാജരായിരുന്നു. തെളിവെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളുടെ വലിയ സംഘമാണ് എത്തിയിരുന്നത്.

ഓസ്ട്രേലിയന്‍ ക്ലേ ടാര്‍ഗെറ്റ് അസോസിയേഷന് 2016-17 കാലയളവില്‍ നല്‍കിയ 5.5 ദശലക്ഷം ഡോളറിന്റെ ഗ്രാന്റുമായി ബന്ധപ്പെട്ട് ഐസിഎസി അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനുപുറമെ 2018-ല്‍ വാഗാ വാഗയിലെ റിവറിന കണ്‍സര്‍വറ്റോറിയം ഓഫ് മ്യുസിക്കിന് നല്‍കിയ ഫണ്ടിങ്ങും അന്വേഷണത്തിന് വിധേയമാക്കും. ചട്ടങ്ങള്‍ മറികടന്ന് തുക അനുവദിച്ചത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഓര്‍മയില്ലെന്ന മറുപടിയാണ് മുന്‍ പ്രീമിയര്‍ കമ്മിഷനു നല്‍കിയത്.


റിവറിന കണ്‍സര്‍വറ്റോറിയം ഓഫ് മ്യുസിക്

മാഗ്വെയറും ഗ്ലാഡിസും തമ്മിലുള്ള അഞ്ച് വര്‍ഷത്തെ ബന്ധത്തിനിടയില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത നിരവധി ഫോണ്‍ കോളുകളാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. മാഗ്വെയര്‍ എംപിയായിരുന്ന കാലയളവായ 2017, 2018 വര്‍ഷങ്ങളിലെ സംഭാഷണങ്ങളുടെ റെക്കോര്‍ഡിംഗുകളാണ് കൂടുതലുമുള്ളത്.

വാഗ വാഗ മണ്ഡലത്തിലേക്കു പണം സ്വരൂപിക്കാന്‍ നിരവധി തടസങ്ങള്‍ ഉള്ളതായി ഒരു ഫോണ്‍ സംഭാഷണത്തില്‍ മാഗ്വെയര്‍ പറയുന്നു. പണം വാരിയെറിയാന്‍ അന്ന് പ്രീമിയറായിരുന്ന ഗ്ലാഡിസിനോട് മാഗ്വെയര്‍ ആവശപ്പെടുന്നുണ്ട്. താന്‍ വാഗയിലേക്കു പണം വാരിയെറിയുമെന്നും അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ഗ്ലാഡിസ് മറുപടി പറയുന്നു. പദ്ധതികളെ തടസപ്പെടുത്തുന്ന ബ്യൂറോക്രാറ്റുകളെ മറികടക്കാന്‍ തനിക്ക് കഴിയുമെന്നും അവര്‍ അവകാശപ്പെടുന്നു. ഈ ഫോണ്‍ സംഭാഷണം നടന്ന് ഒരാഴ്ച്ചയ്ക്കു ശേഷം മാഗ്വെയറിന് പദവി ദുരുപയോഗത്തിന് എം.പി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പാര്‍ട്ടിയില്‍നിന്നും രാജിവച്ചിരുന്നു. തുടര്‍ന്ന് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വന്‍ പരാജയം നേരിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.