വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യക്കെതിരായ മുഖരിത സന്ദേശവുമായി ഉക്രൈനിലും, ഇക്വഡോറിലും പര്യടനം നടത്താനുള്ള രണ്ട് പള്ളിമണികള്‍ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. പോളണ്ടിലെ 'യെസ് ടു ലൈഫ് ഫൗണ്ടേഷ'ന്റെ സംരംഭമാണ് 'വോയിസ് ഓഫ് ദി അണ്‍ബോണ്‍'(അജാതരുടെ സ്വരം) എന്നു നാമകരണം ചെയ്തിട്ടുള്ള കൂറ്റന്‍ പ്രോലൈഫ് മണികള്‍.
മനോഹരമായ ഈ പ്രോലൈഫ് മണികള്‍ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള മനുഷ്യ ജീവന്‍ സംരക്ഷിക്കുവാനുള്ള പ്രതിജ്ഞാബദ്ധതയുടെ അടയാളങ്ങളാണെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇവയുടെ മണിനാദം ജനങ്ങളുടെ ബോധത്തെ ഉണര്‍ത്തുകയും, കുരുന്നു ജീവനുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ജീവന്റെ സുവിശേഷമാകട്ടെയെന്നു പാപ്പ ആശംസിച്ചു.
ഉക്രൈനിലെ ല്വിവിലുള്ള സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തിലേക്കും, ഇക്വഡോറിലെ ഗ്വായക്വിലിലേക്കും എത്തിക്കുന്ന പ്രോലൈഫ് മണികള്‍ പിന്നീട് വിവിധ പട്ടണങ്ങളിലൂടെ കൊണ്ടുപോകും. ഈ ഉദ്യമത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച ആദ്യത്തെ പ്രോലൈഫ് മണി 'ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ശബ്ദ' മായി പോളണ്ടിലെ മുപ്പതോളം നഗരങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
നാലടി വ്യാസവും അര ടണ്‍ ഭാരവും വരുന്ന പ്രോലൈഫ് മണികള്‍ പരമ്പരാഗത പോളിഷ് വാസ്തു വിദ്യാ ചാതുര്യത്തോടെ കൂട്ടുലോഹത്തില്‍ വാര്‍ത്തെടുത്തത് തെക്കുകിഴക്കന്‍ നഗരമായ പ്രസെമിസില്‍ ജാന്‍ ഫെല്‍സിന്‍സ്‌കിയുടെ നിര്‍മ്മാണ ശാലയിലാണ്.ഓരോ മണിയിലും ഡി.എന്‍.എ ശ്രംഖലയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാ സൗണ്ടിന്റേയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ദൈവം മോശയ്ക്ക് നല്‍കിയ 10 കല്‍പ്പനകള്‍ രേഖപ്പെടുത്തിയിട്ടുള്ള ശിലാഫലകവും രേഖപ്പെടുത്തിയിരിക്കുന്നു; 'നിങ്ങള്‍ കൊല്ലരുത്' എന്ന അഞ്ചാമത്തെ കല്‍പ്പന സവിശേഷമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
'മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്നേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു' (ജെറമിയ 1:5) എന്ന ബൈബിള്‍ വാക്യവും മണിയുടെ ഭാഗമാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'ഇവാഞ്ചെലിയം വിറ്റേ' എന്ന ചാക്രിക ലേഖനത്തില്‍ നിന്നുള്ള 'എല്ലാ മനുഷ്യജീവനെയും ബഹുമാനിക്കുക, സംരക്ഷിക്കുക, സ്‌നേഹിക്കുക, സേവിക്കുക' എന്ന ഉദ്ധരണിയും ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.