നരേന്ദ്ര മോഡി ഇന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണും: കൂടിക്കാഴ്ച ഉച്ചയ്ക്ക് 12 ന്; ആകാംഷയോടെ ഭാരതം

നരേന്ദ്ര മോഡി ഇന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണും: കൂടിക്കാഴ്ച ഉച്ചയ്ക്ക് 12 ന്; ആകാംഷയോടെ ഭാരതം

കൂടിക്കാഴ്ച്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 ന്.
മാര്‍പ്പാപ്പയെ മോഡി ഇന്ത്യയിലേക്ക് ക്ഷണിക്കുമോ?


റോം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ഉച്ചയ്ക്ക് 12 നാണ് (വത്തിക്കാന്‍ സമയം രാവിലെ 8.30) മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. ഇരുവരും അര മണിക്കൂറോളം സംസാരിക്കും. മാര്‍പ്പാപ്പയെ മോഡി ഇന്ത്യയിലേക്ക് ക്ഷണിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നരേന്ദ്ര മോഡിയുടെ ആദ്യത്തെ സന്ദര്‍ശനമാണ്. 21 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് റോമിലെത്തി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ ചെന്നു കാണുന്നതെന്ന പ്രത്യേകത ഇന്നത്തെ കൂടിക്കാഴ്ചയ്ക്കുണ്ട്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1955 ലും പ്രധാന മന്ത്രിമാരായ ഇന്ദിരാ ഗാന്ധി 1981 ലും ഐ.കെ ഗുജ്റാള്‍ 1997 ലും അടല്‍ ബിഹാരി വാജ്പേയി 2000 ത്തിലും മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ 21 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍ മാര്‍പാപ്പയെ കണ്ടിട്ടില്ല.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ സംസ്‌കാര ചടങ്ങില്‍ അന്നത്തെ ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തും ഉന്നത സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. പിന്നീട് 2008 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ കേന്ദ്ര മന്ത്രിയായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘം സംബന്ധിച്ചിരുന്നു.

2014 ല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലേക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇന്ത്യ അയച്ചിരുന്നു.

ഇന്നും നാളെയുമായി റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ കോവിഡ് വ്യാപനം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക, ആരോഗ്യ സാഹചര്യം എന്നിവ ചര്‍ച്ച ചെയ്യും. ഇന്നലെ മോഡി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയന്‍ എന്നിവരുമായി വ്യാപാരം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ തീരുമാനിച്ച റോഡ് മാപ്പ് 2025, രാഷ്ട്രീയ സുരക്ഷാ ബന്ധങ്ങള്‍, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ ഇരുവരും അഭിനന്ദിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്ന മോഡി ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യും.

ജി 20 ഉച്ചകോടിക്ക് ശേഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ കോപ് 26 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെ ഗ്ലാസ്ഗോയിലേക്ക് പോകും. വേള്‍ഡ് ലീഡേഴ്‌സ് സമ്മിറ്റ് എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ 120 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.