കൂടിക്കാഴ്ച ചരിത്രമാകും; മാര്‍പ്പാപ്പയെ നരേന്ദ്ര മോഡി ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിക്കും

കൂടിക്കാഴ്ച ചരിത്രമാകും; മാര്‍പ്പാപ്പയെ നരേന്ദ്ര മോഡി ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിക്കും

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിന് വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ ലൈബ്രററി ഹാളിലാണ് കൂടിക്കാഴ്ച്ച.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ ഇന്ത്യന്‍ പ്രധാന മന്ത്രി സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കുമോ എന്നാണ് ക്രൈസ്തവ സമൂഹം ഉറ്റു നോക്കുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ക്രൈസ്തവ സാന്നിധ്യം കൂടുതലുള്ള കേരളം, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ഇതിനു മുന്‍പ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ 1999 നവംബറില്‍ എത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. അതിനു മുന്‍പ് 1986 ഫെബ്രുവരിയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എത്തിയിരുന്നു.

ദല്‍ഹി, കല്‍ക്കത്ത, ചെന്നൈ,കേരളം, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു. 1964 ല്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ പോള്‍ നാലാമനാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ.

മൂന്നു തവണയായി രണ്ട് മാര്‍പ്പാപ്പമാരാണ് ഇന്ത്യയിലെത്തിയതെങ്കില്‍ വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോഡി. മോഡിക്ക് മുമ്പ് പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു(1955), ഇന്ദിരാ ഗാന്ധി(1986), ഐ.കെ ഗുജ്‌റാള്‍(1997), അടല്‍ ബിഹാരി വാജ്‌പേയി(2000) എന്നിവര്‍ വത്തിക്കാനിലെത്തി അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.