ഒലിവില ചില്ലയുടെ വെങ്കല ഫലകം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് മാര്‍പ്പാപ്പ; വെള്ളി മെഴുകുതിരി പീഠവും പുസ്തകവും സമ്മാനിച്ച് മോഡി

ഒലിവില ചില്ലയുടെ വെങ്കല ഫലകം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് മാര്‍പ്പാപ്പ; വെള്ളി  മെഴുകുതിരി പീഠവും പുസ്തകവും സമ്മാനിച്ച് മോഡി

റോമുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് നയതന്ത്ര വിദഗ്ധര്‍.

റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും ഏറെ ഊഷ്മളം. ഇന്ത്യ-വത്തിക്കാന്‍ ബന്ധം ചര്‍ച്ചയായ കൂടിക്കാഴ്ചയില്‍ മോഡി മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇത് റോമുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

വത്തിക്കാനില്‍ തന്നെ കാണാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കരുതി വച്ചത്. വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും നരേന്ദ്ര മോഡി മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു.

ഇന്ത്യയില്‍ പ്രത്യേകമായി പണികഴിപ്പിച്ചതാണിതെന്ന് പറഞ്ഞുകൊണ്ടാണ് മെഴുകുതിരി പീഠം മോഡി മാര്‍പാപ്പയ്ക്ക് കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോഡി സമ്മാനിച്ചു.

അങ്ങയുടെ ഇഷ്ടവിഷയമാണിതെന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി പുസ്തകം കൈമാറിയത്. പിന്നാലെ മോഡിക്ക് നല്‍കിയ ഉപഹാരമായ വെങ്കല ഫലകത്തിന്റെ പ്രത്യേകതകള്‍ മാര്‍പാപ്പ വിശദീകരിച്ചു നല്‍കി.

അര മണിക്കൂര്‍ മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുതെങ്കിലും ഇരുവരുടെയും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു. ചര്‍ച്ച സൗഹാദര്‍ദപരമായിരുന്നുവെന്ന് മോഡി പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ആഗോള കത്തോലിക സഭാ അധ്യക്ഷന്‍ ഇന്ത്യാ സന്ദര്‍ശത്തിനെത്തുന്നത്. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നത്.

പതിനാറാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോഡി ഇറ്റലിയിലെത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം ജി20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്തു. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇറ്റാലിയന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതിയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.