കാബൂള്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താലിബാന്റെ പരമോന്നത നേതാവ് മുല്ലാ ഹിബത്തുല്ല അഖുന്‍സാദ പൊതുവേദിയില്‍. അഖുന്‍സാദയുടെ മരണം സംബന്ധിച്ച് കിംവദന്തികള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം കാണ്ഡഹാറിലെ പൊതു പരിപാടിയില്‍ പങ്കെടുത്തതായി താലിബാന്‍ അവകാശപ്പെട്ടത്. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തു മാസങ്ങള്‍ പിന്നിട്ടിട്ടും അഖുന്‍സാദയെ ഒരു പൊതു പരിപാടിയില്‍ പോലും കാണാതിരുന്നതോടെ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച കിംവദന്തികള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അഖുന്‍സാദ ശനിയാഴ്ച കാണ്ഡഹാറിലെ മതവിദ്യാലയം സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. അഖുന്‍സാദയ്‌ക്കൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തെന്ന് അവകാശപ്പെടുന്ന മുതിര്‍ന്ന താലിബാന്‍ നേതാവാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി അഖുന്‍സാദയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലേറിയതിനു ശേഷവും പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് അഖുന്‍സാദയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ ആരംഭിച്ചത്. നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറുമ്പോഴും പൊതുയിടങ്ങളില്‍ നിന്നും അഖുന്‍സാദ വിട്ടു നിന്നത് താലിബാനില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് വരെ കാരണമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
2016 മുതല്‍ താലിബാന്റെ പരമോന്നത നേതാവായി കരുതപ്പെടുന്ന ആളാണ് അഖുന്‍സാദ.
താലിബാന്റെ രാഷ്ട്രീയ, മത, സൈനിക വിഭാത്തിന്റെ പരമാധികാരം അഖുന്‍സാദയ്ക്കാണ്. യുഎസ് അഫ്ഗാനില്‍നിന്ന് പിന്മാറി താലിബാന്‍ ഭരണം ഏറ്റെടുത്തപ്പോഴും അഖുന്‍സാദ പരമോന്നത നേതാവായി തന്നെ തുടര്‍ന്നു. മുന്‍പ് പല പൊതു പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് അഖുന്‍സാദയുടെ സാന്നിധ്യം താലിബാന്‍ സ്ഥിരീകരിക്കുന്നത്. 2016ല്‍ താലിബാന്‍ അവരുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് റോയിട്ടേഴ്‌സിന് അഖുന്‍സാദയുടേതെന്ന് സ്ഥിരീകരിക്കാനായത്.
താലിബാന്റെ മുന്‍ നേതാവായ മുല്ല ഒമറിന്റെ മരണവിവരം വര്‍ഷങ്ങളോളം താലിബാന്‍ പുറത്തുവിട്ടിരുന്നില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് അഖുന്‍സാദ മരണപ്പെട്ടിട്ടുണ്ടാവാം എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.