യമനില്‍ വിമാനത്താവളത്തിനു സമീപം കാര്‍ ബോംബ് സ്‌ഫോടനം; ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

യമനില്‍ വിമാനത്താവളത്തിനു സമീപം കാര്‍ ബോംബ് സ്‌ഫോടനം; ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

സന: യമനില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. യമന്റെ താല്‍ക്കാലിക തലസ്ഥാനമായ ഏദനിലുണ്ടായ ഭീകരാക്രമണത്തിലാണ് ഒന്‍പതു പേര്‍ മരിച്ചത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി മയീന്‍ അബ്ദുല്‍മാലിക് സയീദ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ഏദന്‍ മുന്‍ ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് എത്തുന്ന സമയത്തായിരുന്നു ആക്രമണം. അദ്ദേഹത്തിനു പരുക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. നിലവിലെ ഗവര്‍ണര്‍ക്കു നേരെ മൂന്നാഴ്ച മുമ്പ് ഉണ്ടായ ബോംബാക്രമണത്തില്‍ ആറു പേര്‍ മരിച്ചിരുന്നു. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു കാര്‍ ബോംബ് സ്ഫോടനം.

കഴിഞ്ഞ ഡിസംബറില്‍ ഇതേ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 22 പേരോളം കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം നഗരത്തിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.

2015ല്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സഖ്യം ഹൂതികളെ പരാജയപ്പെടുത്താനും പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ഭരണം പുനഃസ്ഥാപിക്കാനും സൈനിക നടപടി ആരംഭിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷങ്ങളില്‍ 110,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യെമനില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. കോവിഡ് മഹാമാരിയും രാജ്യത്തെ സാരമായി ബാധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.