അമ്മയുടെ അഭിമുഖം ഫലം കണ്ടു; എല്ലി കാട്ടില്‍ നിന്ന് സ്‌കൂളിലേക്ക് തിരിച്ചു നടന്നു

അമ്മയുടെ അഭിമുഖം ഫലം കണ്ടു; എല്ലി കാട്ടില്‍ നിന്ന് സ്‌കൂളിലേക്ക് തിരിച്ചു നടന്നു

ഗിസെനി(റുവാണ്ട): സാന്‍സിമാന്‍ എല്ലി... റുവാണ്ടയിലെ ഗിസെനി സ്വദേശിയായ ഈ 22 കാരന്റെ വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യം അടുത്തയിടെയാണ് പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക വാര്‍ത്താ ചാനലുമായി എല്ലിയുടെ അമ്മ തന്റെ അനുഭവം പങ്കുവെച്ചത് അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

അസ്വാഭാവിക തലയും മുഖ ഭാവവുമായി ജനിച്ച എല്ലിയെ നാട്ടുകാര്‍ അപശകുനമായി കാണുകയും അവനെ എവിടെയും അടുപ്പിക്കാതെയുമായി. ജംഗിള്‍ ബുക്കിലെ മൗഗ്ലിയുമായാണ് നാട്ടുകാര്‍ സാന്‍സിമാന്‍ എല്ലിയെ താരതമ്യപ്പെടുത്തിയിരുന്നത്. തല പ്രതീക്ഷിച്ചതിലും വളരെ ചെറുതായിരിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് എല്ലിയെ നാട്ടുകാര്‍ക്ക് അസ്വീകാര്യനാക്കിയത്.

നാട്ടുകാരുടെ കളിയാക്കലും ഭീഷണിയും മൂലം ഇതുവരെയുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും കാട്ടിലാണ് എല്ലി ജീവിച്ചത്. സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കേള്‍വിക്കുറവും സംസാരശേഷിക്കുറവും മൂലം ആരോടും ഇടപഴകാറില്ലായിരുന്നു. എല്ലിയെ ബാധിച്ച മൈക്രോസെഫാലി എന്ന അപൂര്‍വ്വ രോഗമായിരുന്നു എല്ലാത്തിനും കാരണം.


എല്ലി ജനിക്കുന്നതിന് മുമ്പ് തന്റെ അഞ്ച് മക്കളെ നഷ്ടപ്പെട്ടതായി അമ്മ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷ കൈവിട്ടുപോയ കാലത്ത് തന്റെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായാണ് എല്ലിയുണ്ടായത്. അസ്വാഭാവികമായ മുഖ ഭാവങ്ങള്‍ ഉള്ളതിനാല്‍ എല്ലിയെ പലപ്പോഴും നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്യാറുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു.

അഭിമുഖത്തിന് പിന്നാലെ അഫ്രിമാക്സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ആരംഭിച്ചു. 'തൊഴിലില്ലാത്ത ഈ കുഞ്ഞിനെ വളര്‍ത്താന്‍ നമുക്ക് സഹായിക്കാം' എന്ന കുറിപ്പോടെ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിന് ആവേശോജ്വലമായ പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച പണം വഴി പുതിയ ജീവിതയാണ് എല്ലിയ്ക്ക് ലഭിച്ചിരിക്കുന്നത്.


ഷൂസും സ്യൂട്ടും കോട്ടുമിട്ട് സ്‌കൂളിലേക്ക് പോകുന്ന എല്ലിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. റുവാണ്ട ഗിസെനിയിലെ ഉബുംവെ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള ഒരു സ്‌കൂളിലാണ് സാന്‍സിമാന്‍ എല്ലി ചേര്‍ന്നത്. നേരത്തെ നാട്ടുകാരുടെ കളിയാക്കല്‍ ഭയന്ന് കാട്ടില്‍ അഭയം തേടിയ അവന്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നതില്‍ ഏറെ താല്‍പര്യവാനാണ്.

'അവന്‍ ഏറെ പരിഹസിക്കപ്പെട്ടു. ഇപ്പോള്‍ അവന്‍ സമപ്രായക്കാരോടൊപ്പം സ്‌കൂളില്‍ പഠിക്കുന്നു. ഞാന്‍ വളരെ സന്തോഷവതിയാണ്. എന്റെ മകന്‍ നല്ല ജീവിതം നയിക്കുന്നു. അഭ്യുദയകാംക്ഷികള്‍ എനിക്ക് ഒരു വീട് നിര്‍മ്മിച്ചു തന്നു. എന്റെ സങ്കടം മാറി' - എല്ലിയുടെ അമ്മ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.