ഓസ്‌ട്രേലിയയിലെ സര്‍ജറി വിവാദം; മെഡിക്കല്‍ പ്രാക്ടീസ് അവസാനിപ്പിച്ച് സെലിബ്രിറ്റി കോസ്മെറ്റിക് സര്‍ജന്‍

ഓസ്‌ട്രേലിയയിലെ സര്‍ജറി വിവാദം; മെഡിക്കല്‍ പ്രാക്ടീസ് അവസാനിപ്പിച്ച് സെലിബ്രിറ്റി കോസ്മെറ്റിക് സര്‍ജന്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോസ്‌മെറ്റിക് സര്‍ജറി വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ ഡോ. ഡാനിയല്‍ ലാന്‍സര്‍ മെഡിക്കല്‍ പ്രാക്ടീസ് അവസാനിപ്പിക്കാന്‍ സമ്മതിച്ചു. സെലിബ്രിറ്റി കോസ്മെറ്റിക് സര്‍ജനായ ലാന്‍സറിന്റെ ക്ലിനിക്കില്‍ സൗന്ദര്യവര്‍ധക ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയ്ക്കിടെ ജീവനക്കാര്‍ പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവാദമുയര്‍ന്നത്. ഫോര്‍ കോര്‍ണേഴ്സ്, ദി സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ്, ദ ഏജ് എന്നീ മാധ്യമങ്ങളുടെ അന്വേഷണത്തിലൂടെ പുറത്തുവന്ന, ലാന്‍സറിന്റെ ക്ലിനിക്കുകളിലെ അശാസ്ത്രീയ പ്രവണതകള്‍ ഓസ്‌ട്രേലിയയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്.

ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയാണ് (എ.എച്ച്.പി.ആര്‍.എ) സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മെഡിക്കല്‍ പ്രാക്ടീസ് നിര്‍ത്താന്‍ ഡോ. ലാന്‍സറോട് ആവശ്യപ്പെട്ടത്.


ഓസ്‌ട്രേലിയയില്‍ ഉടനീളം ആശുപത്രികളും ക്ലിനിക്കുകളുമുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തനായ കോസ്മെറ്റിക് സര്‍ജന്മാരില്‍ ഒരാളായിരുന്നു ഡോ. ലാന്‍സര്‍. എന്നാല്‍ ഈ ക്ലിനിക്കുകളില്‍നിന്നു പുറത്തായ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതും അപകടകരവുമാണെന്നു ശസ്ത്രക്രിയാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇവിടെ മുന്‍പ് ചികിത്സ തേടിയ രോഗികളും ക്ലിനിക്കുകള്‍ക്കെതിരേ ആരോപണവുമായി രംഗത്തുവന്നിരുന്നു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കുന്ന അത്യന്തം സങ്കീര്‍ണമായ ലൈപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്കിടെയാണ് ക്ലിനിക്കിലെ ജീവനക്കാര്‍ അശ്രദ്ധമായി ആടിപ്പാടുന്നത്.

വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍, ഡോക്ടര്‍ ലാന്‍സറിന്റെ ക്ലിനിക്കുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നു എഎച്ച്പിആര്‍എ വ്യക്തമാക്കി. ഓസ്ട്രേലിയയില്‍ ഒരു മെഡിക്കല്‍ പ്രാക്ടീഷണറായി ഇനി സേവനം ചെയ്യില്ലെന്ന് ലാന്‍സറില്‍ നിന്ന് മെഡിക്കല്‍ ബോര്‍ഡ് രേഖാമൂലം എഴുതിവാങ്ങി.

വിവാദ വീഡിയോകള്‍ പുറത്തു വന്നതിനു പിന്നാലെ ലാന്‍സറിന്റെ നിരവധി രോഗികള്‍ തങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ മുന്നോട്ടു വന്നിരുന്നു. രോഗികളുടെ ആശങ്കകള്‍ കൈകാര്യം ചെയ്യാന്‍ എഎച്ച്പിആര്‍എ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തി.

ത്വക്ക്രോഗ ചികിത്സാ വിദഗ്ധനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. ലാന്‍സര്‍ കോസ്മെറ്റിക് സര്‍ജറി വഴിയാണ് പ്രശസ്തനായത്. ടിവി ഷോകളും ഇയാള്‍ അവതരിപ്പിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും ദശലക്ഷക്കണക്കിനു ഫോളോവേഴ്സാണ് ലാന്‍സറിനുള്ളത്. തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ നിന്ന് അദ്ദേഹം ശസ്ത്രക്രിയകള്‍ സംബന്ധിച്ച ഉള്ളടക്കം നീക്കം ചെയ്തു.

സിഡ്നിയിലും മെല്‍ബണിലുമുള്ള ഡോ. ലാന്‍സറിന്റെ ക്ലിനിക്കുകള്‍ അടച്ചു. അടുത്ത വര്‍ഷം വരെ മെല്‍ബണില്‍ ബുക്കിംഗ് സ്വീകരില്ലെന്നും അറിയിപ്പുണ്ട്. സര്‍ജറി വിവാദത്തെതുടര്‍ന്ന് ലാന്‍സറിനെതിരെ വിക്ടോറിയന്‍ സര്‍ക്കാരും അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. കോസ്‌മെറ്റിക് സര്‍ജറി നിയമങ്ങള്‍ ശക്തമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.