അനുദിന വിശുദ്ധര്‍ - നവംബര്‍ 02
നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ ആത്മാക്കളുടെ ഓര്‍മ്മയ്ക്കായാണ് സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസം ആചരിക്കുന്നത്. മരിച്ചു പോയവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഓരോ സംസ്‌കാരത്തിലും വ്യത്യസ്ത രീതികളില്‍ മരിച്ചു പോയവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആചരിക്കപ്പെട്ടിരുന്നു.
ജറുസലേമിലെ വിശുദ്ധ സിറിലും വിശുദ്ധ ജോണ്‍ ക്രിസോസ്റ്റവുമാണ് മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആദ്യമായി തയ്യാറാക്കിയതെന്നു കരുതപ്പെടുന്നു. കുടുംബങ്ങളില്‍ നിന്നും മരിച്ചവരെ അനുസ്മരിക്കാനാണ് ഈ പ്രാര്‍ത്ഥനകള്‍ എഴുതപ്പെട്ടത്.
ഒന്‍പതാം നൂറ്റാണ്ടോടു കൂടി വിശുദ്ധ ഒഡിലോ ഓഫ് ക്ലൂണി ആണ് ആദ്യമായി നവംബര്‍ മാസം രണ്ടാം തിയതി മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക ഓര്‍മ്മ ദിവസമായി ആചരിക്കുവാന്‍ ആരംഭിച്ചത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ഒന്നാം തിയതി സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമാണ് എന്നതാണ്. കാരണം വിശുദ്ധരുടെ ജീവിതത്തെ കൂടുതല്‍ അടുത്തനുകരിക്കാനും മാധ്യസ്ഥ്യം വഹിക്കാനുമുള്ള അവസരമാണിത്.
ഇതേ തുടര്‍ന്ന് ബെനഡിക്ടൈന്‍, കര്‍ത്തൂസിയന്‍ സമൂഹാംഗങ്ങള്‍ അവരുടെ ആശ്രമങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനം ആചരിച്ചു തുടങ്ങി. പോപ്പ് സില്‍വെസ്റ്റര്‍ രണ്ടാമന്‍ ഇത് അംഗീകരിക്കുകയും പിന്നീട് തിരുസഭയുടെ തിരുനാളായി സകല മരിച്ചവരുടെയും തിരുനാള്‍ മാറുകയും ചെയ്തു. അങ്ങനെ നവംബര്‍ മാസം രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാള്‍ സഭയില്‍ കൊണ്ടാടുന്നു.
ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി ദണ്ഡ വിമോചനം ഈ ദിവസം അനുവദനീയമാണ്. വിശ്വാസികള്‍ക്ക് ഈ ദിവസം സിമിത്തേരിയില്‍ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ ദണ്ഡ വിമോചനത്തിനായി അപേക്ഷിക്കാം.
വര്‍ഷത്തില്‍ നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ പൂര്‍ണ ദണ്ഡ വിമോചനത്തിനും അല്ലാത്ത ദിവസങ്ങളില്‍ ഭാഗിക ദണ്ഡ വിമോചനത്തിനും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂര്‍ണ ദണ്ഡ വിമോചന പ്രാര്‍ത്ഥന ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി മാത്രമാണ്.
വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക് വേണ്ടി നവംബര്‍ രണ്ടിന് കല്ലറകളില്‍ പോവുകയും 'സ്വര്‍ഗ്ഗസ്ഥനായ പിതാവും', 'വിശ്വാസപ്രമാണവും' ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ പാപ മോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സിമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്.
എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദര്‍ശനം നടത്തുന്നതും ഉത്തമമായിരിക്കും. തിരുസഭ തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗീയ ഗൃഹത്തില്‍ താമസമാക്കിയവരുടെ പേരില്‍ ഇന്നലെ (നവംബര്‍ 01) സന്തോഷിക്കുകയും മറ്റ് വിശുദ്ധര്‍ക്കൊപ്പം ചേരുന്നതിനായി ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാല്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി ഇന്ന് (നവംബര്‍ 02) പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇറ്റലിയിലെ അമിക്കൂസ്
2. റമ്പാറ ആബട്ടായ അമിക്കൂസ്
3. സ്വിറ്റ്‌സര്‍ലന്‍ഡിലെ അംബ്രോസ്
4. അസിന്തിനൂസ്, പെഗാസുസ്, അഫ്‌ത്തോണിയൂസ്, എല്‍പിഡെഫോറസ്റ്റ്, അനെമ്പോഡിസ്റ്റൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.