മദ്യപിച്ച് വാഹനമോടിച്ച എംപിയോട് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം

മദ്യപിച്ച് വാഹനമോടിച്ച എംപിയോട് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പാര്‍ലമെന്റ് അംഗത്തിന് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്ക്. വിക്ടോറിയ സംസ്ഥാനത്തെ ലിബറല്‍ എംപിയായ ടിം സ്മിത്തിനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് നേരിടേണ്ടി വന്നത്. ലിബറല്‍ പാര്‍ട്ടി നേതാവ് മാത്യു ഗൈയാണ് ഇതുസംബന്ധിച്ച കടുത്ത നിലപാടു വ്യക്തമാക്കിയത്.

കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം നിശ്ചിത പരിധിയില്‍നിന്ന് രണ്ടു മടങ്ങ് കൂടുതലായിരുന്നുവെന്നു കണ്ടെത്തി. ഇതേതുടര്‍ന്നാണ് ക്യൂ പ്രദേശത്തിന്റെ എം.പിക്ക് പാര്‍ട്ടിയുടെ അതൃപ്തി നേരിടേണ്ടി വന്നത്. ഇക്കാര്യത്തില്‍ ടിം സ്മിത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവായ മാത്യു ഗൈ നിലപാടു വ്യക്തമാക്കി. തിങ്കളാഴ്ച ടിം സ്മിത്തിനെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിം പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ പ്രതികരണം നാളെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം പ്രവൃത്തിയില്‍ അദ്ദേഹത്തിന് വലിയ പശ്ചാത്താപവും ഖേദവുമുണ്ട്. കരിയര്‍ തന്നെ അപകടത്തിലാക്കിയ പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. മുന്നോട്ടുള്ള നടപടികള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളെ നടത്തുന്ന പത്രസമ്മേളനത്തില്‍ ടിം സ്മിത്ത് നല്‍കും. അതേസമയം സ്മിത്ത് നേരത്തെ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്മിത്ത് തന്റെ സഹപ്രവര്‍ത്തകന്‍ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ്. അതിനാല്‍ ഈ തീരുമാനം വളരെ ബുദ്ധിമുട്ടിയേറിയതാണെന്ന് ഗൈ പറഞ്ഞു. അതേസമയം ഇത് ശരിയായ തീരുമാനമാണ്. വിക്ടോറിയയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2018-ലുണ്ടായ സമാനമായ സംഭവം മാത്യു ഗൈ ഓര്‍ത്തെടുത്തു. 2018ല്‍ മറ്റൊരു ലിബറല്‍ എംപി സൈമണ്‍ റാംസെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടിരുന്നു. നേതാവെന്ന നിലയില്‍ ഇതേ സമീപനമാണ് അന്നും കൈക്കൊണ്ടത്. തുടര്‍ന്ന്, അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം റാംസെ സ്വീകരിച്ചു.

ശനിയാഴ്ച്ച രാത്രിയാണ് വിക്‌ടോറിയയിലെ ഹത്തോണ്‍ മേഖലയില്‍ എം.പിയുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. ടിമ്മിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. എന്നാല്‍ പോലീസ് നടത്തിയ രക്ത പരിശോധനയില്‍ മദ്യത്തിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഞായറാഴ്ച്ച ടിം സ്മിത്ത് ഷാഡോ കാബിനറ്റില്‍ നിന്ന് രാജിവെക്കുകയും സംഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. സെപ്റ്റംബറിലാണ് ഷാഡോ അറ്റോര്‍ണി ജനറലിന്റെ ചുമതലയിലേക്ക് ടിം സ്മിത്ത് നിയമിതനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.