ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കാനൊരുങ്ങി ടൊയോട്ട; ആദ്യ മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കാനൊരുങ്ങി ടൊയോട്ട; ആദ്യ മോഡലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

സിഡ്‌നി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഇലക്ട്രിക് കാറായ bZ4X ന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. “bZ” (ബിയോണ്ട് സീറോ) ശ്രേണിയിലെ ആദ്യ മോഡലാണിതെന്നു കമ്പനി അറിയിച്ചു. സമീപഭാവിയില്‍തന്നെ പുതിയ മോഡലുകളുടെ ഒരു ശ്രേണി തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട.

ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പൂര്‍ണമായും ബാറ്ററി ഇവി (ഇലക്ട്രിക് വെഹിക്കിള്‍) ആയി വികസിപ്പിച്ച ആദ്യത്തെ കാറാണിത്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഷാങ്ഹായ് മോട്ടോര്‍ ഷോയിലാണ് bZ4X – “bZ” എന്നാല്‍ 'ബിയോണ്ട് സീറോ' എന്ന ആശയം അവതരിപ്പിച്ചത്. എന്നാല്‍ കാറിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് ടൊയോട്ട പുറത്തുവിട്ടത്.

bZ4X അടുത്ത മാസം രണ്ടിന് യൂറോപ്പില്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനാണ് ടൊയോട്ടയുടെ നീക്കം. അടുത്ത വര്‍ഷം പകുതിയോടെ ലോകം മുഴുവനും മോഡലിന്റെ ഉല്‍പാദനം ആരംഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണ് കാര്‍ ലഭിക്കുന്നത്. അതേസമയം ഇലക്ട്രിക് കാറുകളുടെ വിലയും ഏതൊക്കെ വേരിയന്റുകള്‍ പുറത്തിറക്കും എന്നതു സംബന്ധിച്ചുള്ള വിവരങ്ങളും നിലവില്‍ പുറത്തുവിട്ടിട്ടില്ല.



2022 അവസാനത്തോടെ bZ4X ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രിയ കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടൊയോട്ടയ്ക്ക് ഭാവിയില്‍ പ്രബലമായ സ്ഥാനം നേടാന്‍ ഈ മോഡല്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടൊയോട്ട വില്‍പ്പന നടത്തിയ വാഹനങ്ങളുടെ മൂന്നിലൊന്ന് ഹൈബ്രിഡ് വാഹനങ്ങളാണ്. ഏഴ് bZ മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇത് ഉള്‍പ്പെടെ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന 15 സീറോ-എമിഷന്‍ വാഹനങ്ങളില്‍ ആദ്യത്തേതാണ് bZX4.

കാര്‍ബണ്‍ ന്യൂട്രാലിറ്റിയോടുള്ള ടൊയോട്ടയുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന 'ബിയോണ്ട് സീറോ' എന്നതിന്റെ അര്‍ത്ഥമാണ് bZ എന്ന പേര്.

പുതിയ വാഹനത്തില്‍ 71.4 kWh ബാറ്ററി പായ്ക്കുണ്ടാകും. ഇത് ഫ്രണ്ട്-വീല്‍-ഡ്രൈവ് പതിപ്പിന് 500 കിലോമീറ്ററും ഓള്‍-വീല്‍-ഡ്രൈവ് പതിപ്പിന് ഏകദേശം 460 കിലോമീറ്ററും റേഞ്ച് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യത്തേതില്‍ ഒരു 150 kW മോട്ടോറും രണ്ടാമത്തേതില്‍ ഓരോ ആക്സിലിലും 80 kW മോട്ടോറും ഉണ്ട്. ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഔട്ട്പുട്ട് ചാര്‍ജറുകള്‍ക്ക് ഇവി അനുയോജ്യമാണെന്നും 150 കിലോവാട്ട് ഡയറക്ട് കറന്റ് ശേഷിയില്‍ 30 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും ടൊയോട്ട പറയുന്നു.

സൗരോര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യാനും ഈ കാറിന് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.