അനുദിന വിശുദ്ധര്‍ - നവംബര്‍ 03
ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക തിരുസഭ ഇന്ന് അനുസ്മരിക്കുന്നു... അമേരിക്കയിലെ ഫ്രാന്‍സിസ് എന്നറിയപ്പെടുന്ന വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ തിരുനാള്‍.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലീമായില്‍ 1579 ഡിസംബര്‍ ഒന്‍പതിനായിരുന്നു മാര്‍ട്ടിന്‍ ഡി പോറസിന്റെ ജനനം. ഹുവാന്‍ ഡി പോറസ് എന്ന ഒരു സ്പാനിഷ് പ്രഭുവായിരുന്നു മാര്‍ട്ടിന്റെ പിതാവ്.
പക്ഷേ, അപമാനം ഭയന്നും സല്‍പ്പേര് സംരക്ഷിക്കാനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും അദ്ദേഹം ഉപേക്ഷിച്ചു. കാരണം അവര്‍ അവിവാഹിതരും അന്ന ഒരു ആഫ്രിക്കന്‍ അടിമയുമായിരുന്നു. 1579 ല്‍ മാര്‍ട്ടിനു ജ്ഞാനസ്‌നാനം നല്‍കിയെങ്കിലും മാമ്മോദീസാ രജിസ്റ്ററില്‍ പിതാവിന്റെ നാമം രേഖപ്പെടുത്തിയിട്ടില്ല. കടുത്ത ദാരിദ്യത്തിനു നടുവില്‍ അമ്മ ഒറ്റയ്ക്കാണ് മക്കളെ വളര്‍ത്തിയത്.
ചെറുപ്പം മുതലേ മറ്റുള്ളവരോട് ഉദാരതയാടെയാണ് മാര്‍ട്ടിന്‍ പെരുമാറിയിരുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ അമ്മ മാര്‍ക്കറ്റില്‍ വിട്ടിരുന്നപ്പോള്‍ വിട്ടിലെത്തുന്നതിനു മുമ്പേ അവയെല്ലാം തങ്ങളേക്കാള്‍ പാവപ്പെട്ടവരായവര്‍ക്ക് അവന്‍ പങ്കുവച്ചു നല്‍കിയിരുന്നു. പത്തു വയസ് മുതല്‍ രാത്രിയില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുന്നത് അവന്‍ പതിവാക്കി. ഇത് ജീവിതാവസാനം വരെ തുടര്‍ന്നു.
പന്ത്രണ്ടാം വയസില്‍ അവന്‍ ബാര്‍ബറിന്റെ പണി ചെയ്യാന്‍ തുടങ്ങി. പിന്നീട് ശസ്ത്രക്രിയ നടത്തുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍, മരുന്നുകള്‍ ഉപയോഗിക്കേണ്ട രീതി, മുറിവുകള്‍ വൃത്തിയാകുന്ന മാര്‍ഗങ്ങള്‍ എന്നിവ മാര്‍ട്ടിന്‍ ഹൃദ്യസ്ഥമാക്കി. തന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ജന്മം നല്‍കിയ പിതാവ് സന്നദ്ധനാകാത്തതിനാല്‍ സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹത്തിലും കാരുണ്യത്തിലും ചെറുപ്പം മുതലേ മാര്‍ട്ടിന്‍ ആശ്രയിക്കാന്‍ തുടങ്ങി.
കുട്ടി ആയിരിക്കുമ്പോഴേ തന്നെ ദേവാലയത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്താല്‍ ദേവാലയത്തിന്റെ അകത്തുകയറി സ്വര്‍ഗീയ പിതാവിനെ സന്ദര്‍ശിക്കുന്ന ഒരു അവസരവും മാര്‍ട്ടിന്‍ ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ തിരസ്‌കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാര്‍ട്ടിനെ രൂപപ്പെടുത്തിയത് ദൈവപിതാവിന്റെ സ്‌നേഹം ഇളംപ്രായത്തിലെ അനുഭവിച്ചതു മൂലമാണ്.
ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ക്കുള്ള വിശുദ്ധനാണ് മാര്‍ട്ടിന്‍ ഡി പോറസ്. ബാര്‍ബറായും തൂപ്പുകാരനായും കാഴ്ചമുറി സൂക്ഷിപ്പുകാരനായും രോഗി ശുശ്രൂഷിയായും ദൈവത്തിന്റെ സൃഷ്ടികളായ മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലകനായും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയും മാര്‍ട്ടിന്‍ പകര്‍ന്നാടിയത് നിരവധി വേഷങ്ങളാണ്.
എല്ലാത്തിനുമുപരിയായി രാത്രിയുടെ പകുതി സമയവും പ്രാര്‍ത്ഥനയ്ക്കായി അദ്ദേഹം മാറ്റി വച്ചിരുന്നു. പ്രാര്‍ത്ഥനയുടെ അടിത്തറയില്‍ പണിതുയര്‍ത്തിയതായിരുന്നു വിശുദ്ധ മാര്‍ട്ടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.
പതിനഞ്ചാം വയസില്‍ സന്യാസ സഭയില്‍ ചേരണമെന്ന ആഗ്രഹം അവനിലുദിച്ചു. ലീമായിലെ ഡൊമിനിക്കന്‍ സഭക്കാരുടെ ജപമാല ആശ്രമത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും വര്‍ണ വിവേചനം മൂലം ഒരു പണിക്കാരനായി മാത്രമേ അവര്‍ മാര്‍ട്ടിനെ സ്വീകരിച്ചുള്ളൂ. പിന്നീട് 1603 ല്‍ തന്റെ ഇരുപത്തിനാലാമത്തെ വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ഒരു തുണ സഹോദരനായി മാര്‍ട്ടിന്‍ ചേര്‍ന്നു. പൗരോഹിത്യം സ്വീകരിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം പിന്മാറി.
മാര്‍ട്ടിന്റെ അനിതര സാധാരണമായ വിശുദ്ധിയെക്കുറിച്ച് ധാരാളം കഥകളുണ്ട്. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മാര്‍ട്ടിന്റെ തലയ്ക്കു ചുറ്റും പലപ്പോഴും ഒരു പ്രകാശ ഗോളം വലയം ചെയ്തിരുന്നു. മറ്റു ചില അവസരങ്ങളില്‍ സ്വര്‍ഗീയാനുഭൂതിയാല്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ടിരുന്നു.
ബൈ ലോക്കേഷനുള്ള ദൈവികസിദ്ധി മാര്‍ട്ടിനെ ആവശ്യക്കാരുടെ അടുത്ത് കൊണ്ടു ചെന്നെത്തിക്കുമായിരുന്നു. അടിച്ചിട്ട മുറികളില്‍ ആരും ആശ്രയമില്ലാതിരുന്ന രോഗികളുടെ അടുത്ത് സഹായഹസ്തമായി അത്ഭുതകരമായ രീതിയില്‍ മാര്‍ട്ടിന്‍ എത്തുമായിരുന്നു.
ലീമായിലെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് 'സഹിക്കുന്ന പാവങ്ങളുടെ പിതാവ്' എന്നായിരുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുക മാത്രമല്ല മാര്‍ട്ടിന്‍ ചെയ്തിരുന്നത്. ദൈവപിതാവിനെ അവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. യുദ്ധവും അടിമത്വവും സര്‍വ്വസാധാരണവും അത്യാഗ്രഹികളുടെ ആര്‍ത്തി സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥ പരിതാപത്തിലാക്കുകയും ചെയ്തിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്‍ ജീവിച്ചിരുന്നത്.
മിശ്രവംശജനും അവിവാഹിത ബന്ധത്തിന്റെ സന്തതിയുമായിരുന്നതിനാല്‍ മാര്‍ട്ടിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. വര്‍ണ വിവേചനത്തിന്റെയും അടിമപ്പണിയുടെയും ക്രൂരത അതിന്റെ എല്ലാ തീവ്രതകളോടും കൂടെ അവന്‍ അനുഭവിച്ചിരുന്നു.
ലീമായിലെ പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതില്‍ മാര്‍ട്ടിന്‍ പ്രദര്‍ശിപ്പിച്ചിരുന്ന ശ്രദ്ധയും താല്‍പര്യവും പലപ്പോഴും ആശ്രമാംഗങ്ങളില്‍ അസൂയ ഉളവാക്കിയിരുന്നു. ഒരിക്കല്‍ തെരുവില്‍ നിന്നു വ്രണമൊലിക്കുന്ന ഒരു രോഗിയുമായി മാര്‍ട്ടിന്‍ ആശ്രമത്തിലെത്തി. നഗ്‌നനായിരുന്ന ആ വൃദ്ധന്റെ ശരീരത്തില്‍ നിന്ന് പുഴുക്കള്‍ പുറത്തു വന്നിരുന്നു. രോഗിയുടെ പരിതാവസ്ഥ കണ്ട മറ്റ് ആശ്രമാംഗങ്ങള്‍ ഭയപ്പെട്ടു പിന്മാറുകയും മാര്‍ട്ടിനെ ശകാരിക്കുകയും ചെയ്തു. മാര്‍ട്ടിന്‍ സ്വന്തം കട്ടിലില്‍ ആ വൃദ്ധനെ കിടത്തി ശുശ്രൂഷിച്ചു.
പെറുവില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ വെള്ളക്കാരനോ കറുത്തവനോ എന്ന പക്ഷഭേദം കൂടാതെ മാര്‍ട്ടിന്‍ എല്ലാവരെയും ശുശ്രൂഷിച്ചു. ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും മാര്‍ട്ടിന്റെ കീര്‍ത്തി ലാറ്റിന്‍ അമേരിക്കയില്‍ പെട്ടന്നു പടര്‍ന്നു. മെക്‌സിക്കോയിലെ മെത്രാപ്പോലീത്ത പോലും ഒരിക്കല്‍ മാര്‍ട്ടിന്റെ സഹായം തേടി ലീമായില്‍ എത്തിയിരുന്നു. ഒരു രോഗി സുഖപ്പെടുമോ ഇല്ലയോ എന്ന് പരിശോധനയില്‍ കൂടിത്തന്നെ മനസിലാക്കാനുള്ള അത്ഭുതസിദ്ധി മാര്‍ട്ടിനുണ്ടായിയിരുന്നു.
ലിമായിലെ വിശുദ്ധ റോസിന്റെ അടുത്ത സുഹൃത്തായിരുന്ന മാര്‍ട്ടിന്‍ പനി ബാധിച്ച് 1639 നവംബര്‍ മൂന്നിന് തന്റെ അറുപതാമത്തെ വയസില്‍ ലീമായിലാണ് നിര്യാതനായത്. ലാറ്റിന്‍ അമേരിക്കയില്‍ പ്രശസ്താനായിരുന്നെങ്കിലും ആഗോളസഭ 1837 ലാണ് മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത്.
1962 മെയ് ആറിന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ മാര്‍ട്ടിനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തി. വംശങ്ങള്‍ തമ്മിലുള്ള ബന്ധം, സാമൂഹികനീതി, പൊതു വിദ്യാഭ്യാസം, പെറുവിലെ ടെലിവിഷന്‍, പൊതു ആരോഗ്യം, മിശ്ര വംശജരായ വ്യക്തികള്‍, ബാര്‍ബര്‍മാര്‍ എന്നിവരുടെ മധ്യസ്ഥനാണ് വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1.വീയെനിലെ ഡോംനൂസ്
2. വെയില്‍സിലെ ക്രിസ്റ്റോളൂസ്
3. വെയില്‍സിലെ എലേരിയൂസ്
4. സിറിയായിലെ അസെപ്‌സിമാസ്
5. സ്ത്രാസുബെര്‍ഗ രൂപതയിലെ അക്കെറിക്കും വില്യവും.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.