സഭാതര്‍ക്കം: പള്ളികളുടെ അവകാശത്തിന് ഹിത പരിശോധന വേണമെന്ന് കമ്മിഷന്‍ ശുപാര്‍ശ

സഭാതര്‍ക്കം: പള്ളികളുടെ അവകാശത്തിന് ഹിത പരിശോധന വേണമെന്ന് കമ്മിഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ. പള്ളികളുടെയും സ്വത്തുക്കളുടെയും ആരാധനയുടെയും അവകാശം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്കിടയില്‍ ഭൂരിപക്ഷം തിട്ടപ്പെടുത്താന്‍ ഹിതപരിശോധന നടത്താന്‍ അതോറിറ്റി വേണം. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ നിന്ന് വിരമിച്ച ജഡ്ജിയായിരിക്കണം അധ്യക്ഷന്‍ ശുപാര്‍ശയില്‍ വ്യക്തമാക്കി. ശുപാര്‍ശ നടപ്പായാല്‍ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാകും.

സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ശുപര്‍ശയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ദ കേരള പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്, ടൈറ്റില്‍, ആന്‍ഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് റൈറ്റ് ഓഫ് വര്‍ഷിപ്പ് ഓഫ് ദ മെംബേഴ്സ് ഓഫ് മലങ്കര ചര്‍ച്ച് ബില്‍ 2020' എന്നാണ് ബില്ലിന്റെ പേര്. ശുപാര്‍ശ കഴിഞ്ഞ ദിവസം കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍ നിയമ മന്ത്രി പി. രാജീവിന് സമര്‍പ്പിച്ചു. നിയമ നിര്‍മാണം നടത്തണോ എന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.

1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി. ഈ ഭരണഘടന ഒരു രജിസ്‌ട്രേഡ് രേഖ അല്ലാത്തിനാല്‍ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തില്‍ ആസ്തി ബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. ഭരണപരമായ സൗകര്യത്തിനാണ് ഭരണഘടനയെ അടിസ്ഥാനമാക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനിര്‍മാണത്തിലൂടെയെ പ്രശ്‌ന പരിഹാരം ആകുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികള്‍ക്കാണ്. ഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഭൂരി പക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാല്‍ ആ വിഭാഗത്തെ കോടതി വിധി എന്തായാലും പള്ളികളില്‍ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷമെന്ന് തെളിയുന്ന വിഭാഗത്തിന് തുടരുകയോ മറ്റു പള്ളികളില്‍ ചേരുകയോ ചെയ്യാം. പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം ആ ഇടവകയിലെ ആര്‍ക്കും ഭൂരിപക്ഷം ആര്‍ക്കെന്ന് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിന് രേഖാമൂലം നിവേദനം നല്‍കാം.

സര്‍ക്കാരാണ് അതോറിറ്റി രൂപവത്കരിക്കേണ്ടത്. അധ്യക്ഷനുപുറമേ ഇരുവിഭാഗവും നാമനിര്‍ദേശം ചെയ്യുന്ന രണ്ട് പ്രതിനിധികളും ഉണ്ടാകണം. വിഭാഗങ്ങള്‍ പ്രതിനിധികളെ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനിച്ചില്ലെങ്കില്‍ സര്‍ക്കാരിന് നിയമിക്കാം. ഡോ. എന്‍.കെ. ജയകുമാര്‍, ലിസമ്മ ജോര്‍ജ്, കെ. ജോര്‍ജ് ഉമ്മന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.