ഗ്ലാസ്ഗോ :'ശൂന്യമായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ലോകനേതാക്കളോട് എന്റെ തലമുറയ്ക്ക് ദേഷ്യവും നിരാശയുമാണ്് ' - ഗ്ലാസ്ഗോയിലെ COP26ല്‍ സംസാരിക്കവേ ഇന്ത്യയില്‍ നിന്നുള്ള 14 വയസ്സുകാരി ലോകത്തെ അറിയിച്ചു.
'ഇക്കോ ഓസ്‌കാര്‍' എന്ന് വിളിക്കപ്പെടുന്ന എര്‍ത്ത്‌ഷോട്ട് പ്രൈസിന്റെ ഫൈനലിസ്റ്റുകളില്‍ ഒരാളായ വിനിഷ ഉമാശങ്കറിനെ കാലാവസ്ഥാ സമ്മേളനത്തില്‍ ക്ലീന്‍ ടെക്‌നോളജിയും ഇന്നൊവേഷനും ചര്‍ച്ച ചെയ്യുന്ന ഒരു യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് വില്യം രാജകുമാരനാണ്.
'ഇന്ന് ഞാന്‍ എല്ലാ ബഹുമാനത്തോടെയും ആവശ്യപ്പെടുന്നു, നമ്മള്‍ സംസാരിക്കുന്നത് നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങണം. എര്‍ത്ത്‌ഷോട്ട് പ്രൈസ് ജേതാക്കളും ഫൈനലിസ്റ്റുകളും, അവതരിപ്പിക്കുന്ന നൂതനാശയങ്ങളെയും പദ്ധതികളെയും പരിഹാരങ്ങളെയും നിങ്ങള്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഫോസില്‍ ഇന്ധനങ്ങള്‍, പുക, മലിനീകരണം എന്നിവയില്‍ കെട്ടിപ്പടുക്കുന്ന സമ്പദ്വ്യവസ്ഥയല്ല നമുക്കാവശ്യം. പഴയ സംവാദങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നാം അവസാനിപ്പിക്കേണ്ടതുണ്ട്. കാരണം പുതിയ ഭാവിക്കായി ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. അതിനാല്‍ നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിന് നിങ്ങളുടെ സമയവും പണവും പരിശ്രമവും നിക്ഷേപിക്കേണ്ടതുണ്ട്!' തമിഴ്നാട്ടില്‍ നിന്നുള്ള മിടുക്കി ലോക നേതാക്കളോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സണും ഉള്‍പ്പെടെ വിനിഷയുടെ ആവേശകരമായ പ്രസംഗം വീക്ഷിക്കുന്നുണ്ടായിരുന്നു.' ഞങ്ങള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഞങ്ങളോടൊപ്പം നില്‍ക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങള്‍ പഴയ ചിന്താരീതികളും പഴയ ശീലങ്ങളും ഉപേക്ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഞാന്‍ വ്യക്തമാക്കട്ടെ !, ഞങ്ങളോടൊപ്പം ചേരാന്‍ നിങ്ങള്‍ ഇല്ലെങ്കിലും ഞങ്ങള്‍ നയിക്കും. നിങ്ങള്‍ വൈകിയാലും ഞങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ ഭൂതകാലത്തില്‍ കുടുങ്ങിപ്പോയാലും ഞങ്ങള്‍ ഭാവി കെട്ടിപ്പടുക്കും. എന്നാല്‍ ദയവായി എന്റെ ക്ഷണം സ്വീകരിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, നിങ്ങള്‍ അതില്‍ ഖേദിക്കേണ്ടിവരില്ല,' അസാധാരണ വീര്യമായിരുന്നു വിനിഷയുടെ വാക്കുകള്‍ക്ക്.
കാലാവസ്ഥാ വ്യതിയാനം വരുമ്പോള്‍, 'സ്റ്റോപ്പ് ബട്ടണ്‍' എളുപ്പമല്ലെന്ന് മനസിലാക്കണം.പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന നേതാക്കളോട് എന്റെ തലമുറയില്‍ പലരും ദേഷ്യപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് ദേഷ്യപ്പെടാന്‍ എല്ലാ കാരണവുമുണ്ട്. പക്ഷേ എനിക്ക് ദേഷ്യപ്പെടാന്‍ സമയമില്ല. എനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ വെറുമൊരാളല്ല. ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടിയെന്നതിലുപരി ഞാന്‍ ഭൂമിയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്, അങ്ങനെയായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു വിദ്യാര്‍ത്ഥിനിയും നവീകരണാശയങ്ങളെ സ്‌നേഹിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകയും സംരംഭകയുമാണെന്നതിലും പ്രധാനമായി, ഞാന്‍ ഒരു ശുഭാപ്തിവിശ്വാസിയാണ്- വിനിഷ പറഞ്ഞു.
വൃത്തികെട്ട കരിക്ക് പകരം സൂര്യനില്‍ നിന്നുള്ള ശുദ്ധമായ ഊര്‍ജം ഉപയോഗിക്കുന്ന സൗരോര്‍ജ്ജ സ്ട്രീറ്റ് ഇസ്തിരിപ്പെട്ടി എന്ന ആശയം അവതരിപ്പിച്ചാണ് വിനിഷ ഉമാശങ്കര്‍ എര്‍ത്ത്‌ഷോട്ട് പ്രൈസ് ഫൈനലിസ്റ്റായത്.ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് ഏറ്റവും പ്രചോദനകരവും നൂതനവുമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ആഗോള തിരയലായിട്ടാണ് വില്യം രാജകുമാരന്റെ എര്‍ത്ത്‌ഷോട്ട് സമ്മാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.